കൂട്ടയടി



കാസർകോട്‌ മുസ്ലിം ലീഗിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ ജില്ലയിലേക്ക്‌ കടന്നതോടെ നേതാക്കളുടെ മത്സരവും മുറുകി. ജില്ലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ട്രഷറർ, നാല്‌ വീതം വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ 22ന്‌ നടക്കും. സമവായം തേടിയെങ്കിലും ഒന്നും നടക്കുന്നില്ല; ചേരിതിരിഞ്ഞ്‌ തമ്മിലടി മൂത്തു.  പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിലവിലുള്ള ജനറൽ സെക്രട്ടറി എ അബ്ദുൾ റഹ്‌മാനും ട്രഷററർ കല്ലട്ര മാഹിൻ ഹാജിയും മത്സരിച്ചേക്കും. അബ്ദുൾ റഹ്മാനൊപ്പം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീറിന്റെ പേരാണുള്ളത്‌. ലീഗിന്റെ ശക്തികേന്ദ്രങ്ങളായ കാസർകോട്‌, തൃക്കരിപ്പൂർ മണ്ഡലങ്ങളിലിൽ നിന്നുള്ള നേതാക്കളാണ്‌ ഇരുവരും. മറുഭാഗത്ത്‌ കല്ലട്ര മാഹിനൊപ്പം നിലവിലുള്ള സെക്രട്ടറി പി എം മുനീർ ഹാജിയാണ്‌ ജനറൽ സെക്രട്ടറിയാകാൻ രംഗത്തുള്ളത്‌.    രണ്ട്‌ ലക്ഷത്തോളം അംഗങ്ങളാണ്‌ ജില്ലയിലുള്ളത്‌. ഒരു മണ്ഡലത്തിൽ നിന്ന്‌  400 അംഗങ്ങൾക്ക്‌ ജില്ലയിലേക്ക്‌ ഒരു കൗൺസിലറുണ്ടാകും. ജില്ലാ കൗൺസിലിൽ 500 അംഗങ്ങളുണ്ടാകും. മൂന്ന്‌ വോട്ടാണ്‌ ഒരാൾക്ക്‌. പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നിവർക്ക്‌ പുറമേ മറ്റൊരു വോട്ട്‌ കൂടി ചെയ്യാം. ഇത്‌ ട്രഷറർ, വൈസ്‌ പ്രസിഡന്റ്‌,  സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കാൻ ഉപയോഗിക്കാം. മണ്ഡലം  കമ്മിറ്റികളിൽ ഉദുമയിൽ കമ്മിറ്റിയായി. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌, കാസർകോട്‌, മഞ്ചേശ്വരം കമ്മിറ്റികൾ വരാനുണ്ട്‌. ജില്ല ഭാരവാഹികളാകാൻ രംഗത്തുള്ളവർ മണ്ഡലം കൗൺസിലർമാർക്കിടയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്‌. പഞ്ചായത്ത്‌ ഭാവാഹികളാകാനും വലിയ മത്സരമാണ്‌ നടന്നത്‌.   Read on deshabhimani.com

Related News