ആർപ്പുവിളിക്കാലമായി... കാത്തിരിക്കാം

എ കെ ജി പൊടോതുരുത്തി ടീം തേജസ്വിനി പുഴയിൽ പരിശീലനം നടത്തുന്നു


നീലേശ്വരം കോവിഡിൽ രണ്ടുവർഷമായി ഇല്ലാതായ ജലോത്സവങ്ങളുടെ ആരവം മടങ്ങിവരുന്നു. കോഴിക്കോട്ടും മലപ്പുറത്തുമായി ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന മലബാർ ബോട്ട്‌ റേസിങ്‌ ലീഗിൽ അണിചേരുന്ന ടീമുകളിലധികവും ജില്ലയിൽ നിന്നുള്ളത്‌. ലക്ഷങ്ങൾ ചെലവിട്ടാണ്‌ ടീമുകൾ സജ്ജമാക്കുന്നത്‌. ജില്ലയിലെ അഭിമാന ക്ലബുകളായ എ കെജി പൊടോതുരുത്തി, എകെജി മയിച്ച, ന്യൂ ബ്രദേഴ്‌സ്‌ മയിച്ച, വയൽക്കര മയിച്ച, വയൽക്കര വങ്ങാട്ട്‌, ഇഎംഎസ്‌ മുഴക്കീൽ, വിഷ്‌ണുമൂർത്തി കുറ്റിവയൽ, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്‌ണപിള്ള കാവുഞ്ചിറ എന്നിവരാണ്‌ ഇത്തവണ മലബാർ ലീഗ്‌ മത്സരത്തിന്‌ ടീമുകളെ സജ്ജമാക്കുന്നത്‌. ഓണം സീസണിൽ തന്നെ മലബാർ ലീഗ്‌ മത്സരം നടക്കും. ലക്ഷത്തിലധികം രൂപ ചെലവിട്ടാണ്‌ ക്ലബുകൾ ടീമുകളെ സജ്ജമാക്കുന്നത്‌. തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പടെ 25 പേരാണ്‌ ടീമിൽ. ഇവർക്ക്‌ ഒരുമാസത്തിലധികം കാലം പരിശീലനം നൽകണം.  എട്ടുലക്ഷം രൂപ ചെലവിട്ടാണ്‌ മത്സരതോണികൾ തയ്യാറാക്കുന്നത്‌. ഈ തോണികൾ മറ്റ്‌ ആവശ്യത്തിന്‌ എടുക്കില്ല. കോവിഡ്‌ കാലത്ത്‌ കഴിഞ്ഞ രണ്ടുവർഷവും ഇവ വള്ളപ്പുരയിൽ വിശ്രമത്തിലായിരുന്നു. മലബാർ ലീഗിന്‌ ശേഷം ജില്ലയിലെ ജലോത്സവങ്ങളും പഴയ പ്രൗഡിയിൽ തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമമാണ്‌ നടത്തുന്നതെന്ന്‌ വള്ളംകളി അസോസിയേഷൻ പ്രസിഡന്റ്‌ ടി വി സുരേഷ്‌ ബാബു പറഞ്ഞു. Read on deshabhimani.com

Related News