പെൻഷൻ കാശാണ്‌ സർ... കൈ കടത്തല്ലേ!

ദേലംപാടി മണിയൂരിലെ കൃഷ്ണ നായ്ക്കും ഭാര്യ രത്നയും


അഡൂർ സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യക്ഷേമപെൻഷൻ എട്ടാം തീയതി മുതൽ വിതരണം തുടങ്ങുമ്പോൾ അഡൂരിലെ വൃദ്ധ ദമ്പതികൾ കൈകൂപ്പി അഭ്യർഥിക്കുകയാണ്‌. ‘‘സാറേ പെൻഷൻ തുകയിലും കൈയിടല്ലെ; അതിൽ നിന്നും ഒട്ടും കുറവ് വരുത്തരുതേ. ഞങ്ങളുടെ ജീവിതം ആ കാശിലാണ്''. ദേലംപാടി  പതിനാലാം വാർഡിലെ മണിയൂരിലെ കൃഷ്ണനായ്കിന്റെ വാക്കുകളാണിത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷൻ തുകയിൽ സഹകരണ ബാങ്ക്‌ ഏജന്റ് കുറവ് വരുത്തി നൽകിയെന്നാണ് പരാതി. അഡൂർ സഹകരണ ബാങ്ക് ഏജന്റാണ് തുക നൽകിയത്. 1600 രൂപ വീതം ജനുവരി, ഫെബ്രുവരി മാസത്തെ 3200 രൂപയുടെ രശീതിൽ ഒപ്പ് വാങ്ങിച്ചു. പക്ഷെ നൽകിയത് 2200 രൂപയും. 1000 രൂപ ഒറ്റക്കോല മഹോത്സവത്തിന്‌ സംഭാവനയാണത്രെ!  രേഖാമൂലം പരാതി നൽകാൻ കൃഷ്ണന് പേടിയാണ്. പരാതി നൽകിയാൽ പെൻഷൻ, ബാങ്ക് തടയുമെന്ന് കരുതിയാണ് ഇതുവരെയും പരാതിപ്പെടാതിരുന്നത്. ഭിന്നശേഷിക്കാരനായ കൃഷ്ണൻ നിർമാണം പാതിയായ വീട്ടിൽ ഭാര്യ രത്നയോടൊപ്പം കഴിയുന്നു. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ മാത്രമാണ് ജീവിതാശ്രയം. ഭാര്യയ്ക്കും ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഏക വരുമാനമായി പെൻഷൻ പ്രതീക്ഷിച്ചാണ് ജീവിതം മുന്നോട്ടു പോകുന്നത്.  Read on deshabhimani.com

Related News