നിറമഴ വരുമ്പോൾ വരട്ടെ, 
ആദ്യം കിണർ റീചാർജ്‌ ചെയ്യാം

പിലിക്കോട്ടെ കിണർ റീചാർജിങ് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി ഉദ്ഘാടനംചെയ്യുന്നു (ഫയൽ ചിത്രം)


കാസർകോട്‌ മഴയെത്താനും വൈകി.  കിണറുകളെല്ലാം വറ്റി. ചിലതിൽ  ചെളിവെള്ളംമാത്രം. വെള്ളമില്ലെന്ന കാരണത്താൽ കിണർ ഉപേക്ഷിച്ച്‌ ബോർവെൽ കുഴിക്കാൻ നിൽക്കുന്നവരോട്‌ പലരും പണ്ടേ പറഞ്ഞ കാര്യമുണ്ട്‌. കിണർ റീചാർജ്‌ ചെയ്യൂ. ഒടുവിൽ മഴയെത്താൻ വൈകി കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടായപ്പോൾ എല്ലാവർക്കും കിണർ റീചാർജ്‌ ചെയ്യേണ്ടത്‌ തന്നെയെന്ന്‌ ബോധ്യപ്പെട്ടതോടെ ഇതിനുള്ള അപേക്ഷകളും  ഗ്രാമസഭകൾ വഴി പഞ്ചായത്തുകളിലെത്തുകയാണ്‌.  മറ്റുവർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഇത്തവണ കിണർ റീചാർജിങ്ങിന്‌ അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായയെന്ന്‌ കയ്യൂർ–- ചീമേനി പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻ എ ജി അജിത്‌ കുമാർ പറഞ്ഞു.  249 അപേക്ഷകളാണ്‌  ലഭിച്ചത്‌. 203 പേർക്കാണ്‌  പഞ്ചായത്തിൽ സബ്‌സിഡി നൽകുന്നത്‌.  പിലിക്കോട്‌ പഞ്ചായത്തിൽ  തൊഴിലുറപ്പ്‌പദ്ധതി വഴി  15 കിണർ റിചാർജ്‌ ചെയ്‌തു.  വാർഷിക പദ്ധതിയിൽ  250 കിണർ റീചാർജ്‌ ചെയ്യാൻ  സബ്‌സിഡി നൽകുമെന്ന്‌ പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി പറഞ്ഞു.  ഒരുങ്ങാം മഴയെ മണ്ണിലിറക്കാൻ നമുക്ക് കാലവർഷക്കാലത്തും, തുലാമഴക്കാലത്തുമായി ധാരാളം മഴവെള്ളം കിട്ടുന്നുണ്ട്. പ്രത്യേകിച്ചും തുലാമഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളമെങ്കിലും നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറിൽ സംഭരിച്ചാൽ നാലുമാസത്തെ കുടിവെള്ളം ഉണ്ടാക്കാം.  പുരമുകളിൽനിന്നുള്ള മഴവെള്ളം പാത്തിയിലൂടെയും പൈപ്പിലൂടെയും ഒഴുക്കി കിണറുകളിൽ ശേഖരിക്കുന്നതാണ്‌ റീചാർജിങ്. മേൽക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവച്ച് ശുദ്ധീകരിക്കുകയും തുടർന്ന് കിണറിലേക്കു പതിച്ച് കിണറിൽ സംഭരിക്കും.  മേൽക്കൂരയുടെ വശങ്ങളിൽ ഉറപ്പിച്ച പാത്തികളിലൂടെ മഴവെള്ളം ശേഖരിച്ച്  അരിപ്പവഴി കിണറുകളിലേക്ക് ഒഴുക്കാം(ഒരു മീറ്റർ വശങ്ങളുള്ള കുഴിയിൽ മണൽ, ചരൽ, കരി എ ന്നിവ അടുക്കി ഫിൽറ്റർ ഒരുക്കാം). ഒട്ടും പാഴാകാതെ ഈ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങും. മണ്ണിലുള്ള നിർജീവമായ ഉറവകൾ തെളിഞ്ഞ്‌ സജീവമായി തുടർന്നുള്ള വേനൽക്കാലങ്ങളിൽ കൂടുതൽ കാലം കിണറുകളിൽ വെള്ളം ലഭിക്കും. മേൽക്കൂരയുടെ വിസ്തൃതിയും കിണറിലേക്കുള്ള ദൂരവുമനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ശരാശരി 12000 രൂപ ഇതിനു ചെലവ് വരും. ശുദ്ധജലത്തിന്റെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ  മുതൽമുടക്ക് വളരെ കുറവാണ്‌. Read on deshabhimani.com

Related News