ഉദുമയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാൻ നീക്കം



ഉദുമ ഡിവൈഎഫ്ഐ ഉദുമ ടൗണിൽ സ്ഥാപിച്ച ഭാസ്കര കുമ്പള രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം  പൊളിച്ചുമാറ്റാൻ നീക്കം. ഷെഡ്‌ പൊളിക്കണമെന്ന്‌ യൂത്തുലീഗുകാർ   ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ്‌  കെഎസ്‌ടിപി അധികൃതരും ഡപ്യൂട്ടി കലക്ടറും പൊലീസും സ്ഥലത്തെത്തിയത്‌.  സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്ന്‌ സംഘം പിൻവാങ്ങി.  തിങ്കളാഴ്‌ച ഉച്ചക്കാണ്‌ സംഭവം. 23 വർഷം മുമ്പ്‌ നിർമിച്ച ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം മുസ്ലിംലീഗിന്റെ താൽപര്യ പ്രകാരം  ഹൈക്കോടതി നിർദേശത്തിൽ കഴിഞ്ഞ വർഷം നവംമ്പറിൽ പൊളിച്ചുമാറ്റിയിരുന്നു. ‌ഈ സ്ഥലത്ത്‌ നിന്ന്‌  നാലുമീറ്റർ  മാറിയാണ്‌ ഡിവൈഎഫ്‌ഐ പിന്നീട്‌  താൽക്കാലികമായി ഷെഡ്‌ നിർമിച്ചത്‌. ഇതിനെതിരെ മുസ്ലീംലീഗുകാർ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം പൊളിച്ച്‌ മാറ്റിയില്ലെന്നും കെഎസ്‌ടിപി റോഡിന്‌ തടസമുണ്ടാക്കുന്നുവെന്നും തെറ്റായ വിവരങ്ങൾ നൽകി കോടതിയെ കബളിപ്പിച്ചു. ഇതേതുടർന്ന്‌ തിങ്കളാഴ്‌ച 12 മണിക്ക്‌ മുമ്പായി പൊളിച്ചുമാറ്റാൻ കലക്ടർക്ക്‌ കോടതി നിർദേശം നൽകി. ഈ തീരുമാനം നടപ്പിലാക്കാനാണ്‌ അധികൃതർ  വൻ  പൊലീസ്‌ സംഘത്തോടെ എത്തിയത്‌. വിവരമറിഞ്ഞ്‌  സിപിഐ എം  ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ലോക്കൽ സെക്രട്ടറി കെ ആർ രമേശ്‌,  ഡിവൈഎഫ്‌ഐ നേതാക്കളായ എ വി ശിവപ്രസാദ്‌, സി മണികണ്‌ഠൻ എന്നിവരുടെ  നേതൃത്വത്തിൽ പ്രവർത്തകർ ഉദുമയിലെത്തി.  ഇവരുടെ പ്രതിഷേധം കണ്ട്‌  ചൊവ്വ മൂന്നുമണിവരെ സമയം നൽകി സംഘം മടങ്ങി. ഈ ഷെഡ്‌ നിലനിർത്താൻ  ചൊവ്വ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും യഥാർഥ വിവരങ്ങൾ അപ്പോൾ നൽകുമെന്നും നേതാക്കൾ അറിയിച്ചു. ലീഗ്‌ ശ്രമം സംഘർഷത്തിന്‌ ഉദുമ ഭാസ്കര കുമ്പള രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി  മുസ്ലിംലീഗ്‌ സംഘർഷത്തിന്‌ ശ്രമിക്കുകയാണെന്ന്‌   സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ പറഞ്ഞു. കെഎസ്‌ടിപി റോഡിനും ഉദുമ ടൗൺ വികസനത്തിനും ഒരു തടസവുമില്ലാതയാണ്‌  ഡിവൈഎഫ്‌ഐ താൽക്കാലികമായി ഷെഡ്‌ പുനർ നിർമിച്ചത്‌. കള്ള പരാതി നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌   ഷെഡ്‌ പൊളിച്ചുമാറ്റി സംഘർഷമുണ്ടാക്കാനുള്ള മോഹമാണ്‌ ലീഗ്‌ നേതാക്കൾക്ക്‌.  ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാനുള്ള ശ്രമം നിയമപരമായി നേരിടുമെന്ന്‌  ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയും അറിയിച്ചു.  Read on deshabhimani.com

Related News