കളിക്കളമുണ്ട്‌; കളിക്കാനാവില്ല

താളിപ്പടുപ്പ്‌ മൈതാനത്തിൽ സ്‌കൂൾ കായികമേളക്കായി കുട്ടികളെത്തിയപ്പോൾ


കാസർകോട്‌ തിരക്കേറിയ നഗരത്തിന്‌ നടുവിൽ കളിക്കളംപോലുമില്ലാത്ത നിരവധി സ്‌കൂളുകളുണ്ട്‌. കായികമേളകൾ സജീവമാകുമ്പോൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്‌ സ്‌കൂൾ അധികൃതർ. വർഷങ്ങളായി ആശ്രയിച്ചുവരുന്നത്‌ താളിപ്പടുപ്പ്‌ മൈതാനത്തെയാണ്‌. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മൈതാനത്തിന്റെ നാലിലൊന്ന്‌ ഭാഗം നഷ്ടമായി. അവശേഷിക്കുന്നതാകട്ടെ കുഴിയില്ലാതെ നല്ലരീതിയിൽ ഒരുക്കിയെടുക്കാൻ നഗരസഭയ്‌ക്ക്‌ താൽപര്യവുമില്ല. അഞ്ചുമുതൽ 15 വയസ്‌ വരെയുള്ള കുട്ടികളാണ്‌ ഇവിടെ മത്സരിക്കാനെത്തുന്നത്‌. ബാഡ്‌മിന്റൺ കളിക്കാർ വല കെട്ടാൻ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ്‌ തൂണുകൾ ഇളക്കിമാറ്റി മൈതാനത്തുതന്നെ ഇട്ടിരിക്കുന്നു. ഒരു ഭാഗത്ത്‌ വലിയ മൺകൂന. മറുഭാഗമാകട്ടെ കാടുമൂടിയിട്ടുണ്ട്‌. മൈതാനത്തിന്റെ ഒരു ഭാഗം സ്വകാര്യവ്യക്തികൾ കൈയേറിയതായി നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ഇവിടം ഭിത്തികെട്ടി സംരക്ഷിക്കാനും നഗരസഭ തയ്യാറായിട്ടില്ല. നിലവിൽ ഡ്രൈവിങ്‌ സ്‌കൂളുകാരുടെ പരിശീലന കേന്ദ്രമായി മാറിയിട്ടുണ്ട്‌. വാഹനങ്ങൾ കയറുന്നതിനാൽ മൈതാനം ചളിക്കുളമായി മാറി.  അശോക്‌നഗറിൽ ട്രാഫിക്‌ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം നഗരസഭയുടെ കീഴിൽ മൈതാനമുണ്ടെങ്കിലും പരിപാലിക്കുന്നതിലെ അനാസ്ഥ ഇവിടെയും കാണാം. കാടുമൂടിയ മൈതാനം ശുചീകരിക്കാൻ ഇവിടെ കളിക്കുന്നവർ മുന്നോട്ടുവരുന്നത്‌ നഗരസഭയ്‌ക്ക്‌ ആശ്വാസമാണ്‌. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ നടത്താനാകുംവിധം മികച്ച ട്രാക്ക്‌ ഉൾപ്പെടെ തയ്യാറാക്കാവുന്ന മൈതാനമാണ്‌ താളിപ്പടുപ്പിലും അശോക്‌നഗറിലുമുള്ളത്‌. കായികതാരങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുംവിധം മെച്ചപ്പെടുത്തി നൽകണമെന്ന ആവശ്യത്തിനുനേരെയും നഗരസഭാ അധികൃതർ കണ്ണടയ്‌ക്കുകയാണ്‌.   Read on deshabhimani.com

Related News