നോയലിനെ പുറത്താക്കണം യൂത്ത് കോൺഗ്രസ് യോഗത്തിൽ ഇറങ്ങിപ്പോക്ക്‌



കാസർകോട്‌ ഗാർഹിക പീഡനത്തിന്‌ ഭാര്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന നോയൽ ടോം ജോസഫിനെതിരെ പൊലീസ്‌ കേസെടുത്തതോടെ അദ്ദേഹത്തെ പുറത്താക്കണമെന്ന്‌  കോൺഗ്രസിൽ ആവശ്യം. ശനിയാഴ്‌ച കാസർകോട്‌ ഡിസിസി ഓഫീസിൽ ചേർന്ന യൂത്ത്‌ കോൺഗ്രസ്‌  ജില്ലാ കമ്മിറ്റി യോഗത്തിൽനിന്ന്‌ ഭൂരിഭാഗം നേതാക്കളും ഇറങ്ങിപ്പോയി. നോയൽ പങ്കെടുക്കുന്ന യോഗത്തിൽ തങ്ങളിരിക്കില്ലെന്ന്‌ പറഞ്ഞായിരുന്നു പ്രതിഷേധം. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി ജോമോൻ ജോസ്‌ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ ബഹളം. പലതവണ അച്ചടക്ക നടപടി നേരിട്ട നോയലിനെ രാജ്‌മോഹൻ  ഉണ്ണിത്താൻ എംപിയാണ്‌ സംരക്ഷിക്കുന്നതെന്ന്‌ ഇവർ പറഞ്ഞു. ജോമോൻ ജോസ്‌ അടക്കം ജില്ലയിലെ യൂത്ത്‌ നേതാക്കൾ നോയലിനെതിരാണ്‌.      എംപിയുടെ പിഎ ആണ്‌ നോയൽ. കഴിഞ്ഞ ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിലിനെ സാമൂഹ്യമാധ്യമങ്ങളിൽ  നിരന്തരം അവഹേളിച്ചതിന്‌ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ ദേശീയ കമ്മിറ്റി സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി. ഹക്കീം കുന്നിൽ ജില്ലാ പ്രസിഡന്റ്‌ പദവി ഒഴിഞ്ഞതോടെ നോയലിനെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കി. എംപിയുടെ ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. എംപിയുടെ ആശ്രിതനായ പുതിയ ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസലിന്റെ ശുപാർശയോടെയായിരുന്നു ഇത്‌. ഉണ്ണിത്താനോടുള്ള വിരോധത്തിൽ ഹക്കീം കുന്നിൽ വിഭാഗം നോയലിനോട്‌ പകപോക്കുകയാണെന്നാണ്‌ എംപിയുടെ കൂടെയുള്ളവർ പറയുന്നത്‌. നോയലിനെ സംരഷിക്കുന്ന നിലപാട്‌ എംപിയും ഡിസിസി പ്രസിഡന്റും തുടർന്നാൽ കൂടുതൽ കാര്യങ്ങൾ പുറത്താക്കുമെന്ന്‌ മറുവിഭാഗം മുന്നറിയിപ്പ്‌ നൽകുന്നു.   Read on deshabhimani.com

Related News