വിദ്വാൻ പി സാംസ്കാരിക സമുച്ചയം തനിമ ചോരാതെ പുനഃസ്ഥാപിക്കും



കാഞ്ഞങ്ങാട് വിദ്വാൻ പി യുടെ പേരിൽ വെള്ളിക്കോത്ത് സ്ഥാപിക്കുന്ന വിദ്വാൻ പി സ്മാരക സാംസ്കാരിക സമുച്ചയം തനിമ ചോരാതെ പുനഃസ്ഥാപിക്കും. പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ  വിളിച്ചുചേർത്ത വികസനയോഗത്തിൽ തീരുമാനം.  സാങ്കേതിക അനുമതിക്കും രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള തുടർനടപടികൾ വേഗത്തിലാക്കും. 2022 ൽ ഭരണാനുമതി ലഭിച്ച സാംസ്കാരിക കേന്ദ്രത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഇനി ടെൻഡർ നടപടികളിലേക്ക് കടക്കും.  കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റാതെ സംരക്ഷിച്ചുകൊണ്ടുള്ള സാംസ്കാരിക കേന്ദ്രമാണ് ആവശ്യമെന്ന്  യോഗത്തിൽ ചരിത്രകാരൻ സി ബാലൻ അഭിപ്രായപ്പെട്ടു. എന്നാൽ വൈകാരികതയെക്കാൾ പ്രായോഗികതയാണ് ഇതിന് ആവശ്യമെന്ന് യോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.  പഴയ കെട്ടിടം പൊളിച്ചുനീക്കി തനിമ ചോരാതെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുത്തൻ സാംസ്കാരിക സമുച്ചയം യാഥാർത്ഥ്യമാക്കുവാനാണ് യോഗത്തിൽ ധാരണയായത്.   യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷതയായി.  കെ കൃഷ്ണൻ,  അനസ് അഷറഫ്,  ഷൈജു ഫിലിപ്പ്,  ഗോവിന്ദരാജ് വെള്ളിക്കോത്ത്, എം പൊക്ലൻ,  മൂലക്കണ്ടം പ്രഭാകരൻ,  സി പി ശുഭ,  ഒ പ്രതീഷ്, ദേവി രവീന്ദ്രൻ, തുളസി വെള്ളിക്കോത്ത്, എ വി സഞ്ജയൻ, മനോജ്‌ കാരക്കുഴി, ഗിനീഷ് വെള്ളിക്കോത്ത് അഡ്വ യദുനാഥ് എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News