കണ്ടില്ലേ മട്ടുപ്പാവിലെ വിജയവിളവ്

കാസർകോട്‌ ജനറൽ ആശുപത്രി ടെറസിലെ പച്ചക്കറി കൃഷി


കാസർകോട്‌ തക്കാളി, കോളിഫ്‌ളവർ, ചീര, വഴുതിന... പച്ചക്കറികൾ നിരവധിയാണ്‌ ഈ ടെറസിലുള്ളത്‌. കറി വയ്‌ക്കാനായി വാങ്ങിവച്ചവയല്ല, ജീവനക്കാരുടെ നിതാന്ത ജാഗ്രതയോടെയുള്ള പരിചരണത്തിന്റെ പ്രതിഫലം. കാസർകോട്‌ ജനറൽ ആശുപത്രി ഐപി ബ്ലോക്കിന്‌ മുകളിലെ ടെറസിൽ കയറിയാൽ വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളുടെ ശേഖരംതന്നെ കാണാനാകും. ജീവനക്കാരായ ഡേവിസ്‌, ശ്രീജിത്ത്‌, മണി, രവി, സാബിർ എന്നിവരുടെ കൃത്യമായ പരിചരണം കൃഷിയെ സമ്പന്നമാക്കി. ജോലിക്കിടയിലെ ഇടവേളകൾ പാഴാക്കാതെ പച്ചക്കറികൾക്ക്‌ വെള്ളം നനയ്‌ക്കാനും വളമിടാനുമെല്ലാം ഉപയോഗിച്ചു. സിപിസിആർഐ, കൃഷിഭവൻ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം എത്തിച്ച വിവിധയിനം വിത്തുകളാണ്‌ വിളഞ്ഞുനിൽക്കുന്നത്‌. മൂന്നുമാസം മുമ്പാണ്‌ ടെറസ്‌ കൃഷിയെന്ന ആശയം ഇവരുടെ മനസ്സിലുദിക്കുന്നത്‌. സൂപ്രണ്ട്‌ ഡോ.  കെ കെ രാജാറാം,  ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. എ ജമാൽ അഹമ്മദ്‌ എന്നിവരുമായി സംസാരിച്ച്‌ ടെറസിനെ കൃഷിയിടമാക്കി. സിപിസിആർഐ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കൃഷിയിടം സന്ദർശിച്ച്‌ ആവശ്യമായ മാർഗനിർദേശവും നൽകി. വിളവെടുത്ത പച്ചക്കറികൾ ആശുപത്രി ജീവനക്കാർക്ക്‌ നൽകാനാണ്‌ തീരുമാനം. അടുത്തഘട്ടം സമൃദ്ധമായ കൃഷിയൊരുക്കി സമീപത്തെ സ്‌കൂൾ കുട്ടികൾക്ക്‌ ഉച്ചഭക്ഷണത്തിനായി നൽകാമെന്ന കണക്കുകൂട്ടലിലാണ്‌ ആശുപത്രിയിലെ "കർഷക' ജീവനക്കാർ. Read on deshabhimani.com

Related News