ഉദുമ ഗവ. കോളേജിൽ പുതിയ കോഴ്‌സ്‌ തുടങ്ങും

ഉദുമ ഗവ. കോളേജിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന വികസന യോഗം


ഉദുമ ഉദുമ ഗവ.  കോളേജിന്റെ  സമഗ്ര വികസനത്തിനായി ഇടപെടുമെന്ന്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.  പനയാൽ പള്ളാരത്തെ കോളേജ് കാമ്പസ്‌ സന്ദർശിച്ച എംഎൽഎ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ലഭ്യമാക്കും.  ഡിപ്പാർട്ട്മെന്റ്‌ പ്ലാൻ ഫണ്ട്, കാസർകോട് വികസന പാക്കേജ്, എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് തുടങ്ങിയവയിൽ നിന്ന് തുക കണ്ടെത്താൻ  ധാരണയായി.  കുണിയ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ക്യാമ്പസ്‌‌ കെട്ടിടത്തിലായിരുന്നു നേരത്തെ കോളേജ്‌.  പള്ളാരത്ത് ‌ 7.50 ഏക്കർ റവന്യൂ ഭൂമി കോളേജിനായി  നൽകി.  ഈ സ്ഥലത്ത്‌ 2016 ൽ എംഎൽഎ ഫണ്ടിൽ നിന്ന്‌ മൂന്നുകോടി ചെലവഴിച്ചാണ്‌‌ കെട്ടിടം നിർമിച്ചത്‌. രണ്ട്‌ നില കെട്ടിടത്തിന്റെ താഴെ  നിലയിൽ എട്ട്‌ ക്ലാസ്‌ റൂം, പ്രിൻസിപ്പൽ റൂം, സ്‌റ്റാഫ്‌ റൂമും എന്നിവയും ഒന്നാം നിലയിൽ വലിയ നാല്‌ ക്ലാസ്‌ മുറികളുമാണുള്ളത്‌. ബിഎ ഹിസ്‌റ്ററി, ഇംഗ്ലീഷ്‌, ബികോം, പിജി കോഴ്സുകളിലായി 300 ഓളം കുട്ടികൾ പഠിക്കുന്നു. ബിഎസ്‌സി മാത്‌സ്‌, ഫിസിക്‌സ്‌, ബിബിഎം, ട്രാവൽ ആൻഡ്‌ ടൂറിസം മാനേജ്‌മെന്റ്‌ കോഴ്‌സുകൾ എന്നിവ ആവശ്യപ്പെട്ട്‌ കഴിഞ്ഞ വർഷം എംഎൽഎ  ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്‌  നിവേദനം നൽകിയിരുന്നു‌.    പുതിയ അക്കാദമിക്ക്‌  ബ്ലോക്ക്‌, ലൈബ്രറി, സെമിനാർ ഹാൾ, ലാബ് എന്നിവയുടെ നിർമാണത്തിന്‌   കിഫ്‌ബി 7.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനകം മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി ഉദുമ കോളേജിനെ ഉയർത്താനുള്ള പിന്തുണ എംഎൽഎ വാഗ്ദാനം ചെയ്തു.  പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്‌  എം കുമാരൻ, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പ്രകാശ്കുമാർ, പിടിഎ വൈസ് പ്രസിഡന്റ്‌ വി വി സുകുമാരൻ, കോളേജ് സീനിയർ സൂപ്രണ്ട് സതീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News