ഓളപ്പരപ്പിനപ്പുറമുണ്ട്‌ വോട്ട്‌; തുഴയെറിഞ്ഞ്‌ സ്ഥാനാർഥി



തൃക്കരിപ്പൂർ വോട്ടർമാരെ കാണാൻ കായലിൽ തുഴയെറിഞ്ഞ് കിലോമീറ്ററുകൾ താണ്ടി സ്ഥാനാർഥി. വലിയപറമ്പ്  പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട മാടക്കാൽ തുരുത്തിലേക്കാണ് എൽഡിഎഫ് സ്ഥാനാർഥി കെ മനോഹരൻ വോട്ടർമാരെ കാണാൻ തോണി തുഴഞ്ഞെത്തുന്നത്.  ദ്വീപ് പഞ്ചായത്തായ വലിയപറമ്പിന്റെ തെക്കേ അതിർത്തിയായ ഏഴിമല നാവിക അക്കാദമി തൊട്ട് തൃക്കരിപ്പൂർ കടപ്പുറത്തെ നാല് കിലോമീറ്റർ കടലോരവും മാടക്കാൽ തുരുത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗവും ചേർന്നതാണ് നാലാം വാർഡ്. തൃക്കരിപ്പൂർ കടപ്പുറം സ്വദേശിയായ മനോഹരൻ കവ്വായിക്കായലിലൂടെ നാല് കിലോമീറ്റർ തോണി തുഴഞ്ഞാണ് വോട്ടർമാരെ കാണാൻ മാടക്കാൽ ഗ്രാമത്തിലെത്തുന്നത്. തൃക്കരിപ്പൂർ കടപ്പുറത്തു നിന്ന് കടവ്‌ കടന്ന് രാമന്തളി - പയ്യന്നൂർ വഴിയാണ് മാടക്കാലിലെത്താനുള്ള മറ്റൊരു വഴി.എന്നാൽവോട്ടർമാരായ മത്സ്യത്തൊഴിലാളികളെ കായലിൽ വെച്ചു നേരിൽക്കണ്ട് കുശലം പറഞ്ഞ് വോട്ടുതേടിയാണ് ഓളപ്പരപ്പിലെ യാത്ര. യുവജന സംഘടനാ നേതാവായിരുന്ന മനോഹരൻ ഇപ്പോൾ കർഷകസംഘം വില്ലേജ് സെക്രട്ടറിയും സി പി ഐ എം വലിയപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗവുമാണ്. Read on deshabhimani.com

Related News