വാട്‌സ്‌ ആപ്‌ ഗ്രൂപ്പിൽ ബിജെപി 
ജില്ലാ പ്രസിഡന്റിന്റെ രാജി ഭീഷണി



  കാസർകോട്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌  സ്ഥാനം  രാജിവയ്‌ക്കുമെന്ന  ഭീഷണിയുമായി രവീശ തന്ത്രി കുണ്ടാർ. നേതാക്കളുടെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പിലാണ്‌ രവീശ തന്ത്രിയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത്‌. ബുധനാഴ്‌ച നടക്കുന്ന പാർടിയുടെ ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ  തീരുമാനമുണ്ടാകുമെന്ന്‌ തന്ത്രി സൂചന നൽകുന്നു. പ്രവർത്തകരുടെ വികാരം ഉയർത്തിപ്പിടിച്ച്‌ മുന്നോട്ട്‌ പോകാനാകുന്നില്ലെന്ന്‌  സൂചിപ്പിക്കുന്നു. തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ജില്ലയിൽ ബിജെപിക്ക്‌ തിരിച്ചടിയായിരുന്നു.  പാർടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ ജില്ലാ പ്രസിഡന്റിനെതിരെ നേതാക്കളും പ്രവർത്തകരും വലിയ വിമർശനമാണ്‌ നടത്തുന്നത്‌. കാസർകോട്‌ ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകനായ യുവാവിന്റെ ആത്മഹത്യ, കുമ്പളയിലെ പാർടി പ്രശ്‌നം, സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രനെതിരെ ഒരുവിഭാഗം ഉയർത്തിയ അഴിമതി ആരോപണം, സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനും ജില്ലയിലെ ചില നേതാക്കൾക്കുമെതിരെ നടപടിയെടുക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യം തുടങ്ങിയ വിഷയങ്ങളിലൊന്നും ജില്ലാ പ്രസിഡന്റിന്‌ നിലപാടെടുക്കാനാകുന്നില്ല. പ്രവർത്തകർ സഹകരിക്കാത്തതിനാൽ പാർടി പ്രവർത്തനം നിർജീവമാണ്‌. ഇതിന്റെ പ്രതിഫലനമാണ്‌ ബദിയടുക്ക പഞ്ചായത്തിലെ സിറ്റിങ്‌ സീറ്റിലുണ്ടായ പരാജയം. കുമ്പളയിലും കള്ളാറിലും കാഞ്ഞങ്ങാടും ഉപതെരഞ്ഞെടുപ്പിൽ വലിയ തോതിൽ വോട്ട്‌ കുറഞ്ഞു.  പാർടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ്‌ പ്രവർത്തകർ പൂട്ടിയിട്ട്‌ ഉപരോധിച്ചതും നാണക്കേടായി. ബന്തടുക്ക പള്ളത്തിങ്കാലിൽ ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഓഫീസും ഭൂമിയും ചില നേതാക്കൾ കൈയടക്കിയിട്ടും തിരിച്ച്‌പിടിക്കാൻ കഴിയുന്നില്ലെന്ന്‌ നേതാക്കൾ പറയുന്നു. Read on deshabhimani.com

Related News