പ്രായത്തെ ‘ചവിട്ടിപ്പുറത്താക്കി ’
കൃഷ്‌ണേട്ടൻ പായുന്നു

സൈക്കിളിൽ പത്രവിതരണം നടത്തുന്ന കടിഞ്ഞിമൂലയിലെ ഡി കൃഷ്ണൻ


നീലേശ്വരം കടിഞ്ഞിമൂലയിലെ ഡി കൃഷ്‌ണേട്ടന്റെ സൈക്കിൾ യാത്രയ്‌ക്ക്‌ ആറുപതിറ്റാണ്ടിന്റെ ദൂരമുണ്ട്‌.  എത്ര ആഞ്ഞുചവിട്ടിയാലും കൃഷ്‌ണേട്ടന്‌ മടുക്കില്ല. വയസ്‌ 82 കഴിഞ്ഞെങ്കിലും കൃഷ്ണേട്ടന്റെ പത്രവിതരണം ഇന്നും സൈക്കിളിൽ തന്നെ. പതിനെട്ടാം വയസിൽ തുടങ്ങിയ പത്രവിതരണം ആദ്യകാലത്ത് അന്നന്നത്തെ അന്നത്തിനുള്ള  ജീവനോപാദിയായിരുന്നെങ്കിലും ഇന്ന് വായനക്കാരോടുള്ള കടപ്പാടായാണ് വിതരണം.  ആദ്യകാലങ്ങളിൽ നീലേശ്വരത്ത് നിന്ന് റെയിൽവെ പാലം വഴിനടന്ന് ചെറുവത്തൂർ ഭാഗങ്ങളിൽ പത്രവിതരണം നടത്തി കാര്യങ്കോട് പുഴയിലെ ചങ്ങാടം വഴി തിരിച്ചുവരികയായിരുന്നു. പിന്നീട്‌ സെക്കിളിലായി യാത്ര .പുലർച്ചെ മൂന്നിനുണർന്ന്‌ കടിഞ്ഞിമൂലയിൽനിന്ന് സൈക്കിൾ ചവിട്ടി നീലേശ്വരം റെയിൽവെ സ്റ്റേഷനിലെത്തി  പത്രക്കെട്ടെടുത്ത്‌  തീരദേശമേഖലയിൽ കൃഷ്ണേട്ടൻ ഒറ്റക്കാണ് പത്രവിതരണം നടത്തിയിരുന്നത്.    കുറച്ചുനാൾ മുമ്പ്  അസുഖം ബാധിച്ചതിനാൽ ഇപ്പോൾ പുലർച്ചെ അഞ്ചിനാണ്‌  പത്രവിതരണം തുടങ്ങുക. തെരു ജോളി ആർട്സ് ക്ലബ്ബിന്റെ നാടക നടൻ കൂടിയാണിദ്ദേഹം. മക്കളായ മണികണ്ഠനും, രാജനും കൃഷ്ണേട്ടന്റെ പാത പിന്തുടർന്ന് പത്രവിതരണ മേഖലയിലാണ്. രാജനും നാടക നടനാണ്‌. മകൾ:  മായ.   Read on deshabhimani.com

Related News