മേൽനോട്ടവും 
ആസൂത്രണവും ഉറപ്പ്‌



കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ മേഖലയിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾക്ക്‌ കൃത്യമായ മേൽനോട്ടവും നടത്തിപ്പ്‌ സംബന്ധിച്ച ആസൂത്രണവും ശക്തമാക്കി.  മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ ഇപ്പോൾ എൻഡോസൾഫാൻ സെൽ ചെയർമാൻ. അദ്ദേഹമടക്കം നാലുമന്ത്രിമാർ യോഗം ചേർന്ന്‌ കഴിഞ്ഞ ദിവസം തലസ്ഥാനത്ത്‌ ക്ഷേമപ്രവർത്തനങ്ങൾ അവലോകനം ചെയ്‌തിരുന്നു. മന്ത്രിമാരായ വീണാ ജോർജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവിൽ എന്നിവരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. വകുപ്പ് സെക്രട്ടറിമാർ, കലക്ടർ ഭണ്ടാരി സ്വാഗത്‌ രൺവീർ ചന്ദ്‌ എന്നിവരും പങ്കെടുത്തു.  പദ്ധതികളുടെ നടത്തിപ്പ്‌ സംബന്ധിച്ച്‌ കൃത്യമായ പരിശോധന ഉദ്യോഗസ്ഥ തലത്തിൽ സമയബന്ധിതമായി ഉണ്ടാകണമെന്ന്‌ മന്ത്രി റിയാസ്‌ നിർദേശിച്ചിട്ടുണ്ട്‌.  ഈ മേഖലയിൽ പുതിയ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പ്‌, കാലങ്ങളായുള്ള ആവശ്യമാണ്‌. ആദ്യപിണറായി സർക്കാരിന്റെ കാലത്താണ്‌ വിപുലമായ മെഡിക്കൽ ക്യാമ്പ്‌ രണ്ടുതവണ നടത്തി പുതിയ രോഗികളെ പട്ടികയിൽ ഉൾപ്പെടുത്തിയത്‌.  പുതിയ ക്യാമ്പിനായി കിട്ടുന്ന അപേക്ഷ വിശദമായ പരിശോധക്ക്‌ ശേഷം മൂന്നുമാസത്തിനകം ക്യാമ്പ്‌ നടത്താനാണ്‌ ആലോചന. എണ്ണം കൂടുതലുണ്ടെങ്കിൽ രോഗികളെ ബുദ്ധിമുട്ടിക്കാതെ കൂടുതൽ സ്ഥലത്ത്‌ ക്യാമ്പ്‌ ആസൂത്രണം ചെയ്യും.  ന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്താൻ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പുതിയ ബ്ലോക്ക്‌ പ്രവർത്തനം നാലുമാസത്തോടെ സജ്ജമാക്കും. ഇവിടത്തെ കാത്ത് ലാബും ഉടൻ തുടങങാൻ ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിർദേശിച്ചിട്ടുണ്ട്‌.  ബോവിക്കാനം മുതലപ്പാറയിൽ നിർമാണം നടക്കുന്ന പുന:രധിവാസ ഗ്രാമം ആദ്യഘട്ടവും അടുത്ത മെയ്‌മാസത്തിനകം തീർക്കാനാണ്‌ ഇപ്പോഴത്തെ ധാരണ.  ദുരിതബാധിതർക്ക് എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർണിച്ച 55 വീടുകൾ  ഉടൻ കൈമാറാനും യോഗത്തിൽ തീരുമാനമായി.   Read on deshabhimani.com

Related News