മൊഗ്രാലിൽ മാപ്പിളകലാ പഠന ഗവേഷണ കേന്ദ്രം ഉടൻ



കാസർകോട്‌ ഇശൽ ഗ്രാമമായ മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കുന്നു. മഹാകവി മോയിൻകുട്ടി വൈദ്യർ  സ്‌മാരക  അക്കാദമിയുടെ കീഴിലാണ്‌ ഉപകേന്ദ്രം ആരംഭിക്കുക. സ്‌കൂൾ ഓഫ് മാപ്പിള ആർട്സ് എന്ന പേരിൽ വിദ്യാർഥികൾക്കായി കോഴ്‌സ്‌ തുടങ്ങും. സർക്കാർ അംഗീകാരമുള്ള നാല്‌ വർഷത്തെ കോഴ്സാണിത്‌. ക്ലാസ്‌ ആരംഭിക്കാൻ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ്‌ മുറി ലഭ്യമാക്കും.  ഡിസംബർ അവസാനത്തോടെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കും.  സി എച്ച്‌ കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരുന്നപ്പോൾ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ  സ്‌മാരക അക്കാദമിയുടെ ഏക ഉപകേന്ദ്രം മൊഗ്രാലിൽ തുടങ്ങിയിരുന്നു. അസീസ്‌ തായ്‌നേരി ചെയർമാനും എം കെ അബ്ദുല്ല കൺവീനറുമായി നാല്‌ വർഷത്തോളം കേന്ദ്രം പ്രവർത്തിച്ചു. നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുമ്പള പഞ്ചായത്ത്‌ അനുവദിച്ച കെട്ടിടത്തിലായിരുന്നു ഓഫീസ്‌. യുഡിഎഫ്‌ സർക്കാർ വന്നതോടെ ഉപ കേന്ദ്രം പ്രവർത്തനം നിർജീവമായി. പിന്നീട്‌ കോഴിക്കോടേക്ക്‌ മാറ്റി. കെട്ടിടം യുനാനി ആശുപത്രിക്ക്‌ കൈമാറി.   ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സാംസ്‌കാരിക വകുപ്പ്‌ 140 മണ്ഡലങ്ങളിലും ഉപകേന്ദ്രം തുടങ്ങാൻ  തീരുമാനിച്ചിരുന്നു. ആദ്യകേന്ദ്രം നാദാപുരത്ത്‌ തുടങ്ങി. നാലു മണ്ഡലങ്ങളിൽ കൂടി പ്രവർത്തനമാരംഭിച്ചു. കോവിഡ് വ്യാപനം കാരണം തുടർ നടപടി  തടസപെട്ടു. ഇതിന്റെ തുടർച്ചയായാണ്‌ മൊഗ്രാലിലെ കേന്ദ്രം.  ഇതിന്റെ ഭാഗമായി അക്കാദമി ജനറൽ സെക്രട്ടറി റസാക്ക്, ജോയിന്റ്‌ സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ മൊഗ്രാലിലെത്തി സംസ്‌കാരിക പ്രവർത്തകരുമായി ചർച്ച നടത്തി. കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി  ബഷീർ അഹമദ്‌ സിദ്ദീഖ് ചെയർമാനും  കെ എം മുഹമ്മദ് കൺവീനറുമായി പതിനഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. Read on deshabhimani.com

Related News