ബാബു തോൽക്കില്ല, ഒന്നു പോയാൽ മറ്റൊന്നുണ്ട്‌



രാജപുരം കോവിഡ് മഹാമാരി  ജീവിതത്തിന്റെ  താളം തെറ്റിച്ചതോടെ പുതിയ വഴി തേടുകയാണ്‌  രാജപുരത്തെ കിങ്ങ്‌സ് ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ കെ എം  ബാബു.  ആഘോഷങ്ങളും ആരവങ്ങളും നിലച്ചിട്ട് മാസം അഞ്ച് കഴിഞ്ഞു.  ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അണുനശീകരണ ജോലിയാണ്‌ ബാബു തെരഞ്ഞെടുത്തിരിക്കുന്നത്‌.  കോവിഡ്‌ പ്രതിരോധവും ഒപ്പം  ജീവിക്കാനുള്ള വഴിയുമായി.     ലക്ഷങ്ങൾ കടം വാങ്ങിയാണ്‌  മൂന്ന് വർഷം മുമ്പ്‌ രാജപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട്‌സ് കട തുടങ്ങിയത്. എന്നാൽ കൊറോണ വൈറസ്‌ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.  സീസൺ തുടക്കത്തിൽ തന്നെ ഉത്സവങ്ങളും പൊതുപരിപാടികളും ചടങ്ങുകളുമെല്ലാം മുടങ്ങി. പാർട്ടി പൊതുയോഗങ്ങൾ പോലും നിലച്ചു.  കട അടച്ചിട്ടിരിക്കയാണ്. വാടക കൊടുക്കാൻ പോലും കഴിയാതായി. അപ്പോഴാണ്‌ പുതിയ ജോലിയെ കുറിച്ച് ചിന്തിച്ചതെന്ന് ബാബു പറയുന്നു.  30,000 രൂപ മുടക്കി  ഉപകരണങ്ങളും അണുനാശിനികളും വാങ്ങി. അഗ്‌നി രക്ഷാ സേനയുടെ അനുമതിയും നേടി. സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാബു അണുനശീകരണം നടത്തുന്നത്.  കോവിഡ് നിരീക്ഷണത്തിലുള്ളവർ കഴിഞ്ഞ വീടുകൾ, കടകൾ, വാഹനങ്ങൾ,  സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ അണുനശീകരണം നടത്തുന്നു. അതിനുതക്ക പ്രതിഫലവും വാങ്ങുന്നു. കഴിഞ്ഞ ദിവസം കള്ളാർ പഞ്ചായത്ത് ഓഫീസ് അണു നശീകരണം നടത്തിയായിരുന്നു തുടക്കം. ജില്ലയുടെ ഏത് ഭാഗത്തു പോകാനും തയ്യാറാണെന്ന്‌ ബാബു പറയുന്നു.   Read on deshabhimani.com

Related News