കപ്പാത്തിയിൽ റബർ പോയി നെല്ല്‌ വന്നു

വെസ്‌റ്റ്‌ എളേരി കപ്പാത്തിയിൽ കുടുംബശ്രീയുടെ കരനെൽകൃഷി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


 വെള്ളരിക്കുണ്ട്  പുനം കൃഷിയുടെ സ്മരണകളുയർത്തി കപ്പാത്തിയിൽ വീണ്ടും നെൽ വിത്ത്‌ വിതച്ചു. സുഭിക്ഷ കേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി കൃഷിഭവന്റെ സഹായത്തോടെയാണ്‌ സൂര്യ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പ്‌,  കപ്പാത്തിയിലെ എം ജെ ജോസഫിന്റെ രണ്ട് ഏക്കർ സ്ഥലത്ത് കരനെൽകൃഷി നടത്തുന്നത്. കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ഈ മലയോര ഗ്രാമത്തിൽ പുനംകൃഷി വ്യാപകമായിരുന്നു.  പിന്നീട് അത് റബറിന്‌ വഴിമാറി.  സർക്കാരിന്റെ പ്രോത്സാഹനം ആ നല്ലകാലം തിരിച്ചുകൊണ്ടുവരാൻ സഹായിക്കുമെന്ന്‌   കർഷകർ പറഞ്ഞു. കുടുംബശ്രീയിലെ കെ വി തങ്കമണി, യു ദേവകി, കെ ശാന്ത, പി രാധാമണി, എം ദേവകി എന്നീ അഞ്ച് പേരടങ്ങിയ ഗ്രൂപ്പാണ് റബർ വെട്ടിമാറ്റിയ സ്ഥലത്ത് കരനെൽ കൃഷി നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നിലം ഒരുക്കി പിലിക്കോട് കാർഷിക ഫാമിൽ നിന്ന് അത്യുൽപാദന ശേഷിയുള്ള വിത്ത് സംഘടിപ്പിച്ചാണ് കൃഷി.  പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ   ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഇ ടി ജോസ്, സിപിഐ എം ലോക്കൽ സെക്രട്ടറി യു കരുണാകരൻ, എം ജെ ജോസഫ്, കെ വി പ്രമീള എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News