ഒന്നും ശരിയില്ല; ആരുപറയാൻ? ആരോട്‌ പറയാൻ



കാസർകോട്‌ ജില്ലാ ആസ്ഥാനത്തെ പ്രധാന റെയിൽവേ സ്‌റ്റേഷനെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. രണ്ടുമാസത്തോളം അടച്ചിട്ട മേൽപ്പാലം ഇപ്പോഴും അതേ അവസ്ഥയിൽ. വിവരങ്ങളറിയാനുള്ള ഇൻഫർമേഷൻ കേന്ദ്രത്തിൽ ജീവനക്കാരില്ലാത്തതിനാൽ, ഒരു വിവരവും യാത്രക്കാർക്ക്‌ കിട്ടുന്നില്ല. ജില്ലയിൽ അനൗൺസ്‌മെന്റില്ലാത്ത പ്രധാന സ്‌റ്റേഷൻ ഇവിടെ മാത്രം. എന്തിന്‌ സ്‌റ്റേഷനിലെ ക്ലോക്കിലെ സമയംപോലും അസമയത്താണ്‌. വടക്കുഭാഗത്തുള്ള മേൽപ്പാലമാണ്‌ അടച്ചിട്ട്‌ നാളുകളായത്‌. തെക്കുഭാഗത്തുള്ള മേൽപ്പാലം മാത്രമാണിപ്പോഴുള്ളത്‌. രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത്‌ പാലം കയറാൻ പൂരത്തിരക്കാണ്‌. ഓഫീസിലും മറ്റും പോകേണ്ട രാവിലത്തെ യാത്രക്കാർ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി, സമയം വൈകാതിരിക്കാൻ പാളം മുറിച്ചുകടക്കുകയാണ്‌.  കുട്ടികളും പ്രായമായവരുമാണ്‌ ഏറെ വിഷമിക്കുന്നത്‌. മുന്നിലെ കമ്പാർട്ടുമെന്റിൽ ഇറങ്ങിയ ഒരാൾക്ക്‌ പാലം കയറി പുറത്തെത്താൻ കാൽമണിക്കൂറോളം സമയം വേണ്ടിവരും.  യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌,  ഇവിടെ മൈക്കും 
പ്രവർത്തിക്കില്ല ഇൻഫർമേഷൻ സെന്ററിൽ നാലുജീവനക്കാർ വേണ്ടിടത്ത്‌ ഉള്ളത്‌ ഒരാൾ മാത്രം. ഇദ്ദേഹം രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയുണ്ടാകും. വൈകിട്ട്‌ അഞ്ചുമുതൽ രാവിലെ ഒമ്പതുവരെ ഒരുവിവരവും ഇവിടെ നിന്ന്‌ കിട്ടില്ല. പകൽ സമയം 12 ഒളം വണ്ടികൾ മാത്രമാണ്‌ ഇതുവഴി പോകുന്നത്‌. രാത്രിയിൽ 44 വണ്ടികളും പോകുന്നു. ഇതിനൊന്നും വിവരംനൽകാൻ ആരുമില്ല. ഈ സമയത്ത്‌ അനൗൺസ്‌മെന്റ്‌ നൽകാനും ആരുമില്ല. യാത്രക്കാർ ഊഹിച്ച്‌ വണ്ടിയിൽ കയറേണ്ട അവസ്ഥ. കോച്ച്‌  പോസിഷൻ അറിയാത്തതാണ്‌ ഏറെ പ്രശ്‌നം. ഓൺലെനിൽ നോക്കിയാൽ പൊട്ടത്തെറ്റും. സ്വകാര്യസൈറ്റിലാണ്‌ കോച്ചുപൊസിഷൻ അറിയുന്നത്‌. ഇതിൽ മംഗളൂരു ഭാഗത്തേക്ക്‌ പോകുന്ന വണ്ടിക്കും തിരിച്ചുവരുന്ന വണ്ടിക്കും ഒരേകോച്ച്‌ പൊസിഷനാണ്‌ കാണിക്കുന്നത്‌.  മംഗളൂരു ഭാഗത്തേക്ക്‌ എസ്‌ 1 കോച്ച്‌ 16 ആണെങ്കിൽ തിരിച്ചുവരുമ്പോൾ എസ്‌ 1 കോച്ച്‌ 2 ആകും. ഇതുപക്ഷെ സൈറ്റിൽ അപ്‌ഡേറ്റാകില്ല. ഫലത്തിൽ ഇതുനോക്കി വണ്ടി കാത്തിരിക്കുന്നവർ ഓടിത്തളരും. മിനിറ്റുകൾ മാത്രം സ്‌റ്റോപ്പുള്ള വണ്ടിയിൽ കയറാൻ പറ്റാതെയുമാകും. കഴിഞ്ഞയാഴ്‌ച എൻട്രൻസ്‌ പരീക്ഷക്ക്‌ പോകാനിരുന്ന  ഒരുകുട്ടിക്ക്‌ കോച്ച്‌ പൊസിഷൻ അറിയാതെ വണ്ടിയിൽ കയറാനായില്ല. എംപിക്ക്‌ ഒന്നുമറിയില്ല ജില്ലാ ആസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ആളുകയറുന്ന സ്‌റ്റേഷനിലെ പ്രശ്‌നങ്ങളിൽ ഇടപേടേണ്ട രാജ്‌മോഹൻ ഉണ്ണിത്താനാകട്ടെ ഒന്നുംഅറിയുന്നുമില്ല. സ്‌റ്റേഷനിൽ അനൗൺസ്‌മെന്റ്‌ പോലും ഇല്ലാതിരുന്നിട്ടും എംപി, ഡിവിഷണൽ ഓഫീസിലേക്ക്‌ വിളിച്ചുചോദിച്ചുപോലുമില്ല. ഇൻഫർമേഷൻ കേന്ദ്രത്തിൽ നിയോഗിക്കുന്ന 31 ട്രെയിനികൾക്ക്‌ പാലക്കാട്‌ പരിശീലനം നടക്കുന്നുണ്ട്‌. അതിൽ മൂന്നുപേരെ കാസർകോട്‌ നിയോഗിച്ചാൽ പ്രശ്‌നം പരിഹരിക്കും. എംപിയാണ്‌ ഉയർന്ന ഉദ്യോഗസ്ഥർ വഴി സമ്മർദ്ദം ചെലുത്തേണ്ടത്‌. പി കരുണാകരൻ എംപിയായിരുന്ന കാലത്ത്‌ പാലക്കാട്‌ ഡിവിഷനിൽ ഉയർന്ന ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു. ജീവനക്കാരുടെ പുനർവിന്യാസം പോലുള്ള കാര്യങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലുള്ള തീരുമാനത്തിനും ഈ സമ്പർക്കം ഏറെ ഗുണംചെയ്‌തു. നിലവിൽ ഇത്തരം സംവിധാനമില്ലാത്തതിനാൽ, ഉദ്യോഗസ്ഥർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ്‌.   Read on deshabhimani.com

Related News