സമഗ്ര അന്വേഷണം വേണം: എം വി ജയരാജൻ

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് തീ പിടിത്തമുണ്ടായ പ്രദേശം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു


കണ്ണൂർ കണ്ണൂർ കോർപറേഷന്റെ ചേലോറ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച്‌  സമഗ്ര അന്വേഷണം വേണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. ചേലോറ മാലിന്യ നിക്ഷേപകേന്ദ്രം സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു  ജയരാജൻ. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ  കോർപറേഷന്റെ ആളുകൾക്കും അവർ ചുമതലപ്പെടുത്തിയവർക്കും മാത്രമാണ്‌ പ്രവേശനം.  സെക്യൂരിറ്റി സംവിധാനവുമുണ്ട്‌.  കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം  മാലിന്യ പ്ലാന്റിൽ   തീപിടിത്തമുണ്ടായപ്പോൾ  സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ ആളാണ്‌ കണ്ണൂർ കോർപറേഷൻ മേയർ.  ചേലോറയിലെ തീപിടിത്തത്തിൽനിന്ന്‌ മേയർക്ക്‌ ഒഴിഞ്ഞുമാറാനാവില്ല. ഇവിടെ  കോർപറേഷൻ ഏൽപ്പിച്ച കമ്പനിയാണ്‌ പ്ലാസ്‌റ്റിക്‌, പ്ലാസ്‌റ്റിക്കേതര മാലിന്യം സംസ്‌കരിക്കുന്നത്‌. അതിനാൽ സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാവില്ല. ഈ കമ്പനിക്ക്‌  കരാർ നൽകിയിട്ട്‌ ഒരു വർഷമായി.  ചേലോറ ട്രഞ്ചിങ്‌ ഗ്രൗണ്ടിൽ അമ്പത്‌ വർഷത്തിലേറെയായി മാലിന്യമിടുന്നത്‌ തുടരുകയാണ്‌. ഫലപ്രദമായി സംസ്‌കരിക്കുന്ന ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ചേലോറയിലെ തീപിടിത്തത്തിന്‌ ഉത്തരവാദി കണ്ണൂർ കോർപറേഷനാണ്‌. പ്രതിപക്ഷ കൗൺസിലർമാർ സ്ഥലം സന്ദർശിച്ചതിന്‌ ശേഷമാണ്‌ തീപിടിത്തമുണ്ടായതെന്ന മേയറുടെ വാദം പരിഹാസ്യമാണ്‌.  എല്ലാ കുറ്റവും മറ്റുള്ളവരിൽ പഴിചാരി രക്ഷപ്പെടുന്ന സഹജ സ്വഭാവമാണ്‌ മേയർ  പ്രകടിപ്പിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശൻ, കൗൺസിലർമാരായ എൻ സുകന്യ, കെ പ്രദീപൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News