ചെടിക്കുളത്ത്‌ 35 കുടുംബങ്ങൾക്ക്‌ പട്ടയം ഉടൻ



ഇരിട്ടി പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ആറളം ചെടിക്കുളം കൊട്ടാരം പ്രദേശത്തെ 35 കുടുംബങ്ങൾക്ക്‌ സ്വന്തം ഭൂമിക്ക്‌ പട്ടയമാവുന്നു.  മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്ത് സ്ഥലം വാങ്ങി കുടുങ്ങി കുടുംബങ്ങൾ സ്വന്തം ഭൂമിയിൽ കൈയേറ്റക്കാരെ പോലെ കഴിയേണ്ടി വന്ന ദുരവസ്ഥയാണ്‌ എൽഡിഎഫ്‌ സർക്കാർ അവസാനിപ്പിക്കുന്നത്‌.  40 വർഷത്തിലധികമായി പ്രദേശത്ത് വീട്‌ നിർമിച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങൾ റവന്യു സംഘം പരിശോധിച്ചിരുന്നു. 35 കുടുംബങ്ങൾക്ക്‌ പട്ടയം നൽകാൻ ക്രമീകരണങ്ങളായി. അടുത്ത മേളയിൽ ഈ കുടുംബങ്ങൾക്കെല്ലാം പട്ടയം നൽകുമെന്ന്‌ തഹസിൽദാർമാരായ   വി പ്രകാശൻ, എം ലക്ഷ്‌മണൻ എന്നിവർ അറിയിച്ചു.   കുന്നത്തുചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽനിന്ന്  വർഷങ്ങൾക്കുമുമ്പ്‌ ഭൂമി വാങ്ങിയ കുടുംബങ്ങളാണ് ചെടിക്കുളത്തെ താമസക്കാർ.  10.91 ഏക്കർ സ്ഥലം വിവിധ ഘട്ടങ്ങളിൽ 47 കുടുംബങ്ങൾ വിലയ്‌ക്ക്‌ വാങ്ങി. 10 സെന്റ് മുതൽ ഒരേക്കർവരെ ഭുമിയുള്ളവരാണ്‌ ഇവിടത്തെ കുടുംബങ്ങൾ.  2015 വരെ ഇവരിൽനിന്ന്‌ വില്ലേജ് അധികൃതർ നികുതി വാങ്ങി. പിന്നീട്‌ നികുതി സ്വീകരിച്ചില്ല. ഇതോടെയാണ്‌ തങ്ങളുടെ സ്ഥലം മിച്ചഭൂമിയാണെന്ന്‌ കൈവശക്കാർ അറിയുന്നത്‌. ഇതിനിടെ കൂത്തുപറമ്പ് ലാന്റ്‌ ട്രിബ്യൂണിൽ  ഈ കുടുംബങ്ങൾ പട്ടയത്തിന്‌ അപേക്ഷ നൽകി. നിരവധി തവണ വിചാരണ നടത്തി. യുഡിഎഫ്‌ ഭരണകാലത്ത്‌ ചെടിക്കുളം ഭൂപ്രശ്നം ആളിക്കത്തുന്ന തരത്തിൽ കുടിയിറക്ക്‌ നീക്കമുണ്ടായി. മിച്ചഭൂമിയാണെന്നും ഉടൻ ഭൂമിയിൽനിന്ന്‌ ഒഴിയണമെന്നും ആവശ്യപ്പെട്ട്‌ അക്കാലത്ത്‌ റവന്യു സംഘം കുടിയിറക്കിന്‌ ശ്രമിച്ചു. നാട്ടുകാരും കൈവശക്കാരും കനത്ത പ്രതിഷേധമുയർത്തിയാണ്‌ ഭൂമി സംരക്ഷിച്ചത്‌. എൽഡിഎഫ്‌ സർക്കാർ വന്നതോടെയാണ്‌ ചെടിക്കുളത്തുകാരുടെ പട്ടയപ്രശ്‌നത്തിൽ അനുകൂല നടപടിയുണ്ടായത്‌. പട്ടയം നൽകാനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക്‌ രണ്ടാം പിണറായി സർക്കാർ ഇച്ഛാശക്തിയോടെ ഇടപെടുകയായിരുന്നു. Read on deshabhimani.com

Related News