ഹിറ്റായി കോള്‍ സെന്റര്‍; നാളെ മുതല്‍ പഞ്ചായത്തുകളിലും



കണ്ണൂർ അവശ്യസാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിന്റെ പ്രവർത്തനം ജില്ലയിലാകെ വ്യാപിപ്പിക്കുന്നു. കണ്ണൂർ നഗരപരിധിയിലുള്ളവരെ ഉദ്ദേശിച്ച് ആരംഭിച്ച സെന്ററിൽ മൂന്നുദിവസത്തിനകം ആയിരത്തോളം കോളുകളാണ് എത്തിയത്. ജനങ്ങളുടെ നല്ല പ്രതികരണം തിരിച്ചറിഞ്ഞാണ് കോൾസെന്റർ സംവിധാനം ജില്ലയിലാകെ വ്യാപിപ്പിക്കാൻ കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.  എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ഏപ്രിൽ ഒന്നു മുതൽ കോൾ സെന്റർ ആരംഭിക്കും.  തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുക, പഞ്ചായത്തിന്റെ സംവിധാനങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്ത വളണ്ടിയർമാർ, യുവജനക്ഷേമബോർഡ് കോ ഓഡിനേറ്റർ എന്നിവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്താം. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കലക്ടർ പറഞ്ഞു. ലോക്‌ ഡൗൺ കാരണം വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഒരു കുടുംബത്തിനും അത്യാവശ്യ സാധനങ്ങൾക്കോ മരുന്നിനോ ബുദ്ധിമുട്ട്‌ ഉണ്ടാകരുതെന്ന  കാഴ്ചപ്പാടോടെയാണ് കോൾ സെന്റർ സംവിധാനം ആരംഭിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് പറഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ച് വരെയാണ്‌ പ്രവൃത്തി സമയം. ഇതിനായി പ്രത്യേകം ഫോൺ നമ്പറുകൾ എല്ലാ പഞ്ചായത്തുകളും നഗരസഭകളും സജ്ജമാക്കണം. പഞ്ചായത്തുകളുടെ ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നഗരസഭകളുടേത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ്.  കോൾസെന്ററിൽ ലഭിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കുംവിധമാണ് ക്രമീകരണം. Read on deshabhimani.com

Related News