പഠനവിടവുകൾ നികത്താൻ ‘ഇല’



കണ്ണൂർ പഠനവിടവുകൾ പരിഹരിക്കാൻ സമഗ്ര ശിക്ഷാകേരളത്തിന്റെ പഠന പോഷണ പദ്ധതി  ‘ഇല’ യുടെ പരിശീലനം തുടങ്ങി. കോവിഡാനന്തരം കുട്ടികൾ നേരിടുന്ന  പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് എൻഹാസിങ് ലേണിങ് ആമ്പിയൻസ് (ഇഎൽഎ) നടപ്പാക്കുന്നത്. നാല്, ഏഴ് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം വിഷയങ്ങളെ അധികരിച്ചുള്ള  പ്രവർത്തന പാക്കേജാണ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നത്‌.   ബിആർസികൾ പാക്കേജ് വിദ്യാലയങ്ങൾക്ക്‌ പരിചയപ്പെടുത്തും. വിദ്യാലയങ്ങൾ അവരുടെ ആവശ്യകതക്കനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കും.  കൃത്യമായ ഇടവേളകളിൽ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തും.  ബിആർസി ട്രെയ്നർ, സിആർസിസിമാർ ആവശ്യമായ പിന്തുണ നൽകും.  ഭാഷയിൽ വായനക്ക് പ്രാധാന്യം നൽകിയാണ് പ്രവർത്തനം. ശാസ്ത്രം, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ അന്വേഷണ ത്വരയും യുക്തിചിന്തയും ഉണർത്തും. പ്രായോഗിക ഗണിതത്തിന് ഊന്നൽ നൽകിയാണ് കണക്കിലെ പ്രവർത്തനങ്ങൾ. ജനുവരി അവസാനത്തോടെ സമാപിക്കുന്ന രീതിയിലാണ് പദ്ധതി. പ്രവർത്തന പുരോഗതി പൊതു സമൂഹമായി പങ്കുവയ്‌ക്കുന്ന ജനകീയ മികവുത്സവവും തുടർന്ന് നടക്കും.  ജില്ലാതല റസിഡൻഷ്യൽ ശിൽപ്പശാല തലശേരിയിൽ നഗരസഭാ ചെയർമാൻ ജമുനാ റാണി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ വിനോദ് കുമാർ അധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോ–-ഓഡിനേറ്റർ ഇ സി വിനോദ് മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി മുഖ്യാതിഥിയായി. ബ്ലോക്ക് പ്രൊജക്ട് കോ–-ഓഡിനേറ്റർ ടി വി സഗീഷ് സ്വാഗതവും പ്രജീഷ് വേങ്ങ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News