പ്രവർത്തനങ്ങൾക്ക്‌ 
വേഗതയേറുന്നു



കണ്ണൂർ ജില്ലയിൽ ദേശീയപാത വികസനപ്രവർത്തനങ്ങൾക്ക്‌ വേഗതയേറുന്നു. തളിപ്പറമ്പ്‌–- നീലേശ്വരം, തളിപ്പറമ്പ്‌–- മുഴപ്പിലങ്ങാട്‌ റീച്ചുകളിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലാണ്‌ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്‌. റോഡ്‌ നാലുവരിയാക്കുന്നതിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കൽ തുടങ്ങി. 45 മീറ്ററിലാണ്‌  ദേശീയപാത വികസനം. രണ്ടുഭാഗത്തും സർവീസ്‌ റോഡുകളുമുണ്ടാകും. തളിപ്പറമ്പ്‌ മുഴപ്പിലങ്ങാട്‌ റീച്ചിൽ വിശ്വസമുദ്ര എൻജിനീയറിങ്ങും തളിപ്പറമ്പ്‌ നീലേശ്വരം റീച്ചിൽ മേഘ കൺസ്‌ട്രക്‌ഷൻസുമാണ്‌ നിർമാണം ഏറ്റെടുത്തത്‌.    രണ്ടു റീച്ചിലും ഇരുഭാഗത്തുമാണ്‌ റോഡ്‌ നാലുവരിയാക്കുന്നതിന്‌ സ്ഥലമെടുത്തത്‌. രണ്ടിലും ബൈപാസുകളുമുണ്ട്‌. കണ്ണൂർ, തളിപ്പറമ്പ്‌, പയ്യന്നൂർ ബൈപാസുകളിലായി ചെറുതും വലുതുമായ പാലങ്ങളും ഫ്ലൈ ഓവറുകളുമുണ്ട്‌. കണ്ണൂർ ബൈപാസിൽ വരുന്ന വളപട്ടണം പുഴയ്‌ക്കുകുറുകെയുള്ള പാലത്തിന്‌ ഒരു കിലോമീറ്ററോളം നീളമുണ്ട്‌. മുഴപ്പിലങ്ങാടും മുണ്ടയാടുമാണ്‌ ഫ്ലൈ ഓവറുകൾ നിർദേശിച്ചത്‌. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കുന്നതോടൊപ്പം നിരപ്പാക്കൽ പ്രവൃത്തിയും നടക്കുന്നുണ്ട്‌. ഇത്‌ പൂർണമാകുന്നതിനുമുമ്പ്‌ റോഡ്‌ നിർമാണവും തുടങ്ങും. നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങളും വളവുകളും നിവർത്തും.  കൈമാറിയത്‌ 2097 കോടി ജില്ലയിൽ രണ്ട്‌ റീച്ചുകളിലുമായി 200 ഹെക്ടർ സ്ഥലമാണ്‌ ദേശീയപാത വികസനത്തിന്‌ ഏറ്റെടുത്തത്‌. സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായി. കണ്ണൂർ ഡെപ്യൂട്ടി കലക്ടറുടെകീഴിൽ ഒമ്പത്‌ വില്ലേജുകളിലായി 648 കോടിയാണ്‌ സ്ഥലമെടുക്കാൻ അനുവദിച്ചത്‌. ഇതിൽ 572 കോടി വിതരണം ചെയ്‌തു. തളിപ്പറമ്പ്‌ ഡെപ്യൂട്ടി കലക്ടറുടെ കീഴിൽ 12 വില്ലേജുകളിൽ 1595 കോടിയാണ്‌ അനുവദിച്ചത്‌. 1525 കോടി വിതരണം ചെയ്‌തു. പണം അനുവദിക്കാൻ കഴിയാത്ത ഭൂമിയുടേത്‌ കോടതിയിൽ കെട്ടിവച്ച്‌ സ്ഥലം ഏറ്റെടുക്കുകയാണ്‌ ചെയ്‌തത്‌. രേഖകൾ കൃത്യമല്ലാത്തതാണ്‌ ഇങ്ങനെ ഏറ്റെടുത്തത്‌. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ അതിർത്തി നിർണയിക്കാൻ കഴിയാത്തതും കോടതിയിൽ പണം കെട്ടിവയ്‌ക്കുകയാണ്‌. സർക്കാർ വകുപ്പുകളിലെ കെട്ടിടങ്ങളുടെ പണവും അനുവദിക്കാൻ ബാക്കിയുണ്ട്‌. Read on deshabhimani.com

Related News