കണ്ണൂർ സഹ. അർബൻ ബാങ്കിൽ അനധികൃത നിയമനമെന്ന്‌ പരാതി



  കണ്ണൂർ കണ്ണൂർ സഹകരണ അർബൻ ബാങ്കിൽ അനധികൃത നിയമനമെന്ന്‌ പരാതി. സഹകരണ നിയമം പാലിക്കാതെ നടത്തിയ നിയമനത്തിനെതിരെ സഹകരണ ജോ. രജിസ്‌ട്രാർക്കാണ്‌ പരാതി നൽകിയത്‌. പ്യൂൺ തസ്‌തികയിൽ നിയമിച്ചയാളെ മാനദണ്ഡങ്ങൾ മറികടന്ന്‌ സ്ഥാനക്കയറ്റം നൽകിയതായും ഇത്‌ റദ്ദാക്കാൻ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്‌. കോൺഗ്രസ്‌ ഭരണത്തിലുള്ളതാണ്‌ കണ്ണൂർ സഹകരണ അർബൻ ബാങ്ക്‌.   പ്യൂൺ തസ്‌തികയിൽ നിയമിച്ച ജീവനക്കാരിയെ ഒരു വർഷം തികയും മുമ്പ്‌ സ്ഥാനക്കയറ്റം നൽകി ക്ലർക്കാക്കിയതിനെതിരെയാണ്‌ പരാതി. പ്യൂൺ തസ്‌തികയിൽ നിയമനം ലഭിച്ച്‌ മൂന്നുവർഷത്തിനുശേഷമേ സ്ഥാനക്കയറ്റം നൽകാവൂവെന്നാണ്‌ സഹകരണ നിയമം. പ്യൂണിന്‌ സ്ഥാനക്കയറ്റം നൽകുമ്പോൾ ഇത്‌ പാലിച്ചില്ലെന്ന്‌ പരാതിയിലുണ്ട്‌. സഹകരണ പരീക്ഷാ ബോർഡ്‌ വഴി രണ്ടുപേർക്ക്‌ നിയമനം നൽകുമ്പോഴേ ഒരാൾക്ക്‌ സ്ഥാനക്കയറ്റം നൽകാവൂവെന്നാണ്‌ ചട്ടം. പ്യൂണിന്‌ സ്ഥാനക്കയറ്റം നൽകിയ തസ്‌തികയിൽ പ്രസിഡന്റിന്റെ സ്വന്തക്കാരനെ നിയമിച്ചതായും പരാതിയിലുണ്ട്‌. പരാതിയിൽ സഹകരണ വകുപ്പ്‌ അന്വേഷണം തുടങ്ങി. Read on deshabhimani.com

Related News