സെന്റ്‌ തെരേസാസിലെ 120 വിദ്യാർഥികൾക്കും മാർക്ക്‌ കിട്ടി



കണ്ണൂർ മൂല്യനിർണയപ്പിഴവിൽ മാർക്ക്‌ നഷ്ടമായ കണ്ണൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.  സയൻസ്‌ വിഭാഗത്തിലെ  കണക്ക്‌ പ്രായോഗിക പരീക്ഷയുടെ മാർക്ക്‌ നാൽപ്പതിനുപകരം ഇരുപതിൽ  ഇട്ടതാണ്‌ പിഴവിന്‌ കാരണമായത്‌.  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയും സംഭവം അറിഞ്ഞയുടൻ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പംനിന്ന്‌ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക്‌ ഉൾപ്പെടെ ബന്ധപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്‌റ്റർ വിനയ റോസ്‌, പിടിഎ പ്രസിഡന്റ്‌ രതീഷ്‌ ആന്റണി, വൈസ്‌ പ്രസിഡന്റ്‌ മഹേഷ്‌ ദാസ്‌, ഗണിതാധ്യാപിക സ്‌തുതി, പരീക്ഷയുടെ എക്‌സ്‌റ്റേണൽ എക്‌സാമിനർ എന്നിവർ വിഷയം ചർച്ചചെയ്യാൻ തിരുവനന്തപുരത്ത്‌ കഴിഞ്ഞദിവസം നടന്ന ഹിയറിങ്ങിൽ പങ്കെടുത്തു.   കഴിഞ്ഞ 21ന്‌ പ്രസിദ്ധീകരിച്ച പ്ലസ്‌ടു ഫലത്തിലാണ്‌ സെന്റ്‌ തെരേസാസ്‌ സ്‌കൂളിലെ 120 വിദ്യാർഥികളുടെ മാർക്കിൽ അപാകം വന്നത്‌.  മാർക്ക്‌ലിസ്‌റ്റ്‌ പുതുക്കി കിട്ടിയതോടെ സയൻസ്‌ വിദ്യാർഥിയായ  റിദക്ക്‌   1200ൽ 1200 മാർക്ക്‌ എന്ന നേട്ടവും ലഭിച്ചു. 26 പേർ മുഴുവൻ വിഷയത്തിലും എ പ്ലസും നേടി. Read on deshabhimani.com

Related News