ജില്ലാ ആശുപത്രിയിൽ നിർമിച്ച 
കൃത്രിമക്കാലുകൾ വിതരണംചെയ്തു

കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ യൂണിറ്റിൽ നിർമിച്ച കൃത്രിമക്കാലിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചപ്പോൾ


കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമാണ യൂണിറ്റിൽ നിർമ്മിമിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴീക്കോട് സ്വദേശി അനുരാഗിന് നൽകി ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിലുള്ള കൃത്രിമക്കാലുകൾ ഘടിപ്പിക്കുന്നത്‌ ഉൾപ്പെടെ പരിശീലിപ്പിച്ച്‌ നൽകി.   മുട്ടിന് മുകളിൽ വച്ചുപിടിപ്പിക്കാവുന്ന മൂന്ന് കൃത്രിമക്കാലുകൾ, മുട്ടിന് താഴെനിന്ന്‌ വച്ചുപിടിപ്പിക്കുന്ന 10 കൃത്രിമക്കാലുകൾ എന്നിവയും മുട്ടിന് താഴെ പിടിപ്പിക്കുന്ന ഒരു കൈയ്യുമാണ് ആദ്യ ഘട്ടത്തിൽ നിർമിച്ചത്. വിപണിയിൽ 20,000 രൂപ വില വരുന്ന കൃത്രിമക്കാലുകൾ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സാധനസാമഗ്രികളുടെ ചാർജ്  നൽകിയും സ്വന്തമാക്കാം.    കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഒരു കൃത്രിമ അവയവ നിർമാണ യൂണിറ്റാണുള്ളത്. പരിയാരം മെഡിക്കൽ കോളേജിൽനിന്നുൾപ്പെടെ നിരവധി പേരാണ് ജില്ല ആശുപത്രിയിലേക്ക് ഈ സേവനത്തിനായി എത്തുന്നത്.  ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ജില്ലാ കൃത്രിമ അവയവ നിർമാണ യൂണിറ്റിനായി മാറ്റിവയ്ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരുപതുപേരെ ആദ്യഘട്ടത്തിൽ പരിഗണിക്കും. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. വി കെ രാജീവൻ, ഡോ. മായ ഗോപാലകൃഷ്ണൻ, ഡോ. മനോജ് കുമാർ, ഡോ. രമേശൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News