കുടകിൽ സിപിഐ എം പ്രക്ഷോഭത്തിൽ

നെല്ലിയാഹുതിക്കേരി പഞ്ചായത്തോഫീസിലേക്ക്‌ സിപിഐ എം നടത്തിയ മാർച്ച്‌


സിദ്ധാപുരം (കർണാടകം) ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർടികൾ പതിറ്റാണ്ടുകൾ ഭരിച്ചിട്ടും കർണാടകത്തിലെ കുടക്‌ ജില്ലയിലടക്കം പാവപ്പെട്ട ആയിരക്കണക്കിന്‌ കുടുംബം വീടില്ലാത്ത അവസ്ഥയിൽ. പുറമ്പോക്കുകളിലും ചേരിയിലും കൂരകെട്ടി താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക്‌ വീട്‌ നിർമിച്ച്‌ നൽകാൻ കേരളത്തിൽ നടപ്പാക്കുന്ന ലൈഫ്‌ പോലുള്ള പദ്ധതികൾ കർണാടകത്തിൽ ഇല്ല. കുടകിൽ മൂന്നര സെന്റ്‌ വീതം ഭൂമി കൈവശമുള്ള ആയിരക്കണക്കിന്‌ കുടുംബങ്ങളുണ്ട്‌. ആദിവാസികൾ ഉൾപ്പെടെയുള്ളവർ. ഇവർക്ക്‌ പട്ടയമോ കൈവശരേഖയോ നൽകിയിട്ടില്ല. കുടിയിറക്ക്‌ നിഴലിലാണ്‌ പലരും. വീടും പട്ടയവും അനുവദിക്കുക, കുടകിൽ കാട്ടാനയടക്കമുള്ള വന്യമൃഗാക്രമണം തടയുക,  റേഷൻ വിതരണം കാര്യക്ഷമമാക്കുക, സർക്കാർ ആശുപത്രികളും സ്‌കൂളുകളും മെച്ചപ്പെടുത്തുക,  റോഡുകൾ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌  സിപിഐ എം നേതൃത്വത്തിൽ കുടകിൽ വൻ പ്രക്ഷോഭത്തിന്‌ തുടക്കമായി. നെല്ല്യാഹുതിക്കേരി പഞ്ചായത്തോഫീസിലേക്ക്‌  നടത്തിയ  മാർച്ചും ധർണയും ജില്ലാ സെക്രട്ടറി എച്ച്‌ ബി രമേഷ്‌ ഉദ്‌ഘാടനം ചെയ്തു.  പി ആർ ഭരത്‌ അധ്യക്ഷനായി. മോനപ്പ, പി പി ഉദയൻ, ഹബീബ്‌, ശിവരാമൻ,  ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുശാൽ നഗർ തഹസിൽദാർ പ്രകാശ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹക്കീം, പഞ്ചായത്തംഗം സുമ, പഞ്ചായത്ത്‌ സെക്രട്ടറി അനിൽകുമാർ എന്നിവരുൾപ്പെട്ട തദ്ദേശ, റവന്യൂ അധികൃതർക്ക്‌  നേതാക്കൾ നിവേദനവും നൽകി. Read on deshabhimani.com

Related News