പിടിമുറുക്കി 
ന്യൂജെൻ ലഹരി



കണ്ണൂർ ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് യുവാക്കൾ. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ലഹരി കൂടിയ എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ്‌ ട്രെൻഡ്‌. 2020 ഒക്‌ടോബർവരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എംഡിഎംഎയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ഈ വർഷം ഒക്‌ടോബറെത്തുമ്പോഴേക്കും 136.103 ഗ്രാം എംഡിഎംഎ പിടിയിലായി. പൊലീസ്‌ പിടികൂടിയത്‌ ഇതിനുപുറമെയാണ്‌. ഗ്രാമിന്‌ 3000 മുതൽ 4000 വരെയാണ്‌ എംഡിഎംഎ വില. ബംഗളൂരുവിൽനിന്നാണ്‌ ഇവ എത്തുന്നത്‌.  ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ്‌ ഇവ കൂടുതലായും എത്തുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതർ പറയുന്നു. പരിശോധനകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി തിരക്കുള്ള റോഡുകൾപോലും  വിൽപനക്കാർ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്‌.  വിലകൂടിയാലും സംഗതി എളുപ്പം ചെറിയ അളവ്‌ മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമാണ്‌ എംഡിഎംഎയുടെ ഉപയോഗം വർധിപ്പിക്കുന്നത്‌. വെള്ളത്തിൽ കലക്കിയാണ്‌ ഇവ  ഉപയോഗിക്കുന്നത്‌. ചെറിയ പ്ലാസ്‌റ്റിക്‌ കവറിലാക്കിയാണ്‌ ഇവ സൂക്ഷിക്കുന്നത്‌. അധികകാലം സൂക്ഷിക്കാൻ കഴിയില്ലെന്നതിനാൽ ചെറിയ അളവുമാത്രമേ മൊത്തവിൽപനക്കാർ കൈമാറൂ. ചെറിയ അളവ്‌ ഉപയോഗിച്ചാൽപോലും അതിതീവ്രമായ ലഹരി അനുഭവപ്പെടുന്നതിനാൽ ഒരിക്കൽ ഉപയോഗിച്ചവർ തുടർച്ചക്കാരാകുന്നുവെന്നതും ആവശ്യക്കാർ കൂടുന്നതിന്‌ കാരണമാകുന്നുണ്ട്‌.  1000 മുതൽ 1500 രൂപ വരെ നൽകി വാങ്ങുന്ന എംഡിഎംഎയാണ്‌ ഇവിടെ ഇരട്ടിയിലേറെ ഇടാക്കി വിൽക്കുന്നത്‌. നേരത്തെ കോളേജ്‌ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെങ്കിൽ ഇപ്പോഴിത്‌ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി.  എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി’യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസ്‌ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മിക്കവാറും എല്ലാ മാസങ്ങളിലും ജില്ലയിൽ എംഡിഎംഎ പിടികൂടിയിട്ടുണ്ട്‌. ഈ വർഷം ജനുവരിയിലാണ്‌ ഏറ്റവും കൂടുതൽ പിടിയിലായത്‌. 62 ഗ്രാം. മാർച്ചിലും ഒക്‌ടോബറിലും 35 ഗ്രാം വീതം പിടികൂടി. നേരത്തെ ലഹരിക്കടത്തുകേസിൽ പിടിയിലായവർതന്നെയാണ്‌ വീണ്ടും രംഗത്ത്‌. ബംഗളൂരുവിലും പരിസരത്തുമുള്ള കോളേജുകളിലെ വിദ്യാർഥികളെയും ഡ്രൈവർമാരെയും മറ്റുമാണ്‌ ഇവർ കാരിയർമാരാക്കുന്നത്‌. Read on deshabhimani.com

Related News