പാടങ്ങളിൽ അതിഥി 
തൊഴിലാളികളുടെ ഈണം

ബംഗാളിൽനിന്നെത്തിയ കർഷകർ നാറാത്ത്‌ കാക്കത്തുരുത്തിയിലെ വയലിൽ കൃഷിപ്പണിയിൽ ഫോട്ടോ: പി ദിലീപ്‌കുമാർ


കണ്ണൂർ ജില്ലയിലെ നെൽപാടങ്ങളിൽ അതിഥി തൊഴിലാളികൾ നിറയുന്നു.  നാട്ടിലെ കർഷകത്തൊഴിലാളികൾ കൃഷിയെ കൈവിട്ടതാണ്‌ ഈ ‘അധിനിവേശ’ത്തിന്‌ കാരണം. നാട്ടിപ്പണിക്ക്‌  ആളെക്കിട്ടാതെ വന്നതോടെയാണ്‌ കർഷകർ തമിഴ്‌നാട്ടിലെയും ബംഗാളിലെയും തൊഴിലാളികളിൽ അഭയം പ്രാപിച്ചത്‌. ഭൂരിഭാഗം പാടശേഖരങ്ങളിലും അതിഥി തൊഴിലാളികളാണ്‌  നാട്ടിയെടുക്കുന്നത്‌. കൂട്ടുകൃഷിയുള്ള അപൂർവം പാടങ്ങളിൽ മാത്രമാണ്‌ നാട്ടുകാർ പണിയെടുക്കുന്നത്‌.  അതിഥി തൊഴിലാളികളെ യഥേഷ്‌ടം കിട്ടിയതോടെ മിക്ക പാടശേഖരങ്ങളിലും തരിശിടുന്ന പ്രവണത കുറഞ്ഞു. കൃത്യസമയത്ത്‌ നാട്ടിപ്പണി തീർക്കാനും ആവുന്നു.  കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടി തീരുന്നുവെന്ന്‌ മാത്രമല്ല, കൂലി ചെലവും കുറവാണ്‌. നെൽകൃഷിക്ക്‌ പേരുകേട്ട ബംഗാളിൽനിന്ന്‌ അഞ്ച്‌ വർഷത്തിലേറെയായി തൊഴിലാളികൾ ജില്ലയിൽ  നാട്ടിപ്പണിക്കെത്തുന്നുണ്ട്‌. ഇതിന്‌ മുമ്പ്‌ തന്നെ തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. ജില്ലയിലെ വയലുകളിൽ ഇപ്പോൾ അതിഥി തൊഴിലാളികളുടെ പാട്ടിന്റെ  ഈണമാണ്‌ കേൾക്കുന്നത്‌.  വിവിധ പാടങ്ങളിലായി ബംഗാളിലെ മൂർഷിദാബാദ്‌ ജില്ലയിലെ 30 തൊഴിലാളികൾ  പണിയെടുക്കുന്നുണ്ട്‌.  ഒരു മാസമായി ഇവർ ജില്ലയിലെത്തിയിട്ട്‌. മൂർഷിദാബാദ്‌ ഡങ്കലിലെ അക്‌തർ ഹുസൈന്റെ  നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ്‌ നാറാത്ത്‌, മുണ്ടേരി, മയ്യിൽ പ്രദേശങ്ങളിൽ നാട്ടിയെടുക്കുന്നത്‌. മുർഷിദ്‌ മണ്ഡൽ, അനറുൽ മണ്ഡൽ, സലാം മണ്ഡൽ, അക്‌ഷിദ്‌ മണ്ഡൽ, ജബ്ബാർ മണ്ഡൽ, സദാൻ ഷേക്‌, ലാലാം ഷേക്‌ എന്നിവരാണ്‌ അക്‌തറിനൊപ്പമുള്ളത്‌. നാറാത്ത്‌ ഓണപ്പറമ്പിലാണ്‌ താമസം.  ബംഗാളിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്നവർക്ക് കൂലി വളരെ കുറവാണെന്നും കേരളത്തിൽ മികച്ച വേതനവും നല്ല സഹകരണവുമാണ്‌ കർഷകരിൽനിന്ന്‌ ലഭിക്കുന്നതെന്നും അക്‌തർ പറഞ്ഞു. കണ്ണൂരിലെ പണി കഴിഞ്ഞാൽ സംഘം പാലക്കാട്‌, വയനാട്‌, തൃശൂർ ജില്ലകളിലേക്ക്‌ തിരിക്കും.  അഞ്ചുവർഷമായി ബംഗാളിലെ അതിഥി തൊഴിലാളികളാണ്‌ നാറാത്ത്‌ പാടശേഖരത്തിൽ നാട്ടിയെടുക്കുന്നതെന്ന് പ്രസിഡന്റ്‌ പി ആർ ചന്ദ്രശേഖരൻ പറഞ്ഞു.  ഏക്കറിന്‌ 6000  രൂപയാണ്‌ കൂലി. ഒരേക്കർ  പാടത്ത്‌ നാട്ടിപ്പണിയെടുക്കാൻ എട്ടുപേർക്ക്‌ രണ്ടരമണിക്കൂർ മതി. കൃത്യമായി അകലത്തിൽ ഞാറ്‌ നടുന്നതിനാൽ കൂടുതൽ ചിനപ്പ്‌ ഉണ്ടാകുന്നു. 10 കിലോ വിത്തിന്റെ ഞാറിൽ ഇവർ ഒരേക്കർ നടും.  തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികൾ വിലപേശി കൂലി കൂട്ടുന്നതിനാൽ ബംഗാളിൽ നിന്നുള്ളവരോടാണ്‌ കർഷകർക്ക്‌ താൽപര്യമെന്നും  ചന്ദ്രശേഖരൻ വ്യക്തമാക്കി. Read on deshabhimani.com

Related News