മുടങ്ങിയ സർവീസുകൾ ‘ഗ്രാമവണ്ടി’ പദ്ധതിയിൽ



കണ്ണൂർ  മുടങ്ങിക്കിടക്കുന്ന സർവീസുകൾ ‘ഗ്രാമവണ്ടി’ പദ്ധതിയിൽ ഉൾപ്പെടുത്തി ഡീസൽ ചെലവ് വഹിച്ച്‌   തദ്ദേശസ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാമെന്ന് കെഎസ്ആർടിസി അധികൃതർ ജില്ലാവികസന സമിതി യോഗത്തിൽ അറിയിച്ചു.  കോവിഡ്‌ കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇക്കാര്യം അറിയിച്ചത്.  കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന സമിതിയുടെ തീരുമാനമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കെഎസ് ആർടിസി ചെയർമാന് കത്ത് നൽകി. ലൈഫ് മിഷനിൽ ജില്ലയിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ടി ഐ മധുസൂദനൻ എംഎൽഎ  നിർദേശിച്ചു. എയ്യംകൽ അംബേദ്കർ കോളനിയിലെ നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർക്ക് യോഗം നിർദേശം നൽകി.  ഒ മാതമംഗലം ജിഎൽപി സ്‌കൂൾ കെട്ടിട നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് എംഎൽഎ പരാതിപ്പെട്ടു.  സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ജില്ലാ നിർമിതി കേന്ദ്രംഅറിയിച്ചു. കിഫ്ബി പദ്ധതിയിൽ പള്ളിക്കുന്ന്, പുഴാതി സ്‌കൂൾ കെട്ടിടം നിർമിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു.    തുരുത്തി മുക്ക് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പിനായി  കിഫ്ബിയിൽനിന്ന്‌ കെആർഎഫ്ബിക്ക് ലഭിച്ച തുക ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും തുടർന്നുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി നിർമിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കുന്നുണ്ടെന്നും നിലവിലുള്ള ഫെൻസിങ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു. പയ്യാവൂർ പഞ്ചായത്തിൽ  തൂക്കുവേലി നിർമാണം ആരംഭിച്ചിട്ടുണ്ട്‌. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്ത്‌  കാട്ടാനശല്യം തടയാൻ  വേഗത്തിൽ നടപടിയെടുക്കാൻ കലക്ടർ നിർദേശിച്ചു.   Read on deshabhimani.com

Related News