ധ്യാനിന്റെ ഉത്തരങ്ങൾക്ക്‌ പരിമിതികളില്ല

ധ്യാൻ കൃഷ്‌ണനെ അഭിനന്ദിക്കുന്ന എം വിജിൻ എംഎൽഎ


 കണ്ണൂർ ആഗ്രഹത്തിനനുസരിച്ച്‌ വഴങ്ങാത്ത ശരീരം...  നടക്കാൻ പരസഹായം വേണം... എന്നാൽ മത്സരം തുടങ്ങിയാൽ പരിമിതികളെയെല്ലാം കാറ്റിൽപ്പറത്തി ചോദ്യത്തിന്‌ നിമിഷങ്ങൾക്കകം ഉത്തരമേകും  ധ്യാൻ കൃഷ്‌ണ. സെറിബ്രൽ പാൾസി രോഗം തളർത്തുമ്പോഴും ക്വിസ്‌ മത്സരവേദികളിൽ സജീവമാണ്‌ ഈ ഏഴാംക്ലാസുകാരൻ.  അക്ഷരമുറ്റം ക്വിസ്‌ മത്സരത്തിൽ യുപി വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ ധ്യാൻ.  വള്ള്യായി യുപി സ്‌കൂൾ വിദ്യാർഥിയാണ്‌. കുഞ്ഞുനാൾ മുതലേ പഠനത്തോടൊപ്പം വായിക്കാനുമുള്ള  ധ്യാനിന്റെ താൽപ്പര്യം തിരിച്ചറിഞ്ഞ  അധ്യാപകരാണ്‌ ക്വിസ്‌ മത്സരങ്ങളിലേക്ക്‌  വഴി തിരിച്ചുവിട്ടത്‌. സ്‌കൂളിലെയും ഗ്രന്ഥശാലകളിലെയും ക്വിസ്‌ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്‌.  ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പ്രസംഗം, സംസ്‌കൃതം പ്രശ്‌നോത്തരി, സിദ്ധരൂപം എന്നിവയിൽ എ ഗ്രേഡ്‌ നേടി. വള്ള്യായി ‘ദേവധ്യാന’ത്തിൽ ടി ഹരിദാസൻ–- എം സുഷമ ദമ്പതികളുടെ മകനാണ്‌. സഹോദരി: ദേവ്‌ന കൃഷ്‌ണ. Read on deshabhimani.com

Related News