പുസ്‌തകങ്ങൾക്ക് 
എന്തൊരു വെളിച്ചമാണ്‌

തായംപൊയിൽ സഫ്ദർ ഹാശ്‌മി ഗ്രന്ഥാലയത്തിൽ ‘പുസ്തകത്താളം’ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു


മയ്യിൽ പുസ്‌തകങ്ങളിലൂടെ അവനവനെ വായിക്കാനാവുമെന്ന ജീവിതപാഠത്തിലേക്കായിരുന്നു കുട്ടികൾ സഞ്ചരിച്ചത്‌.  വായനയിലൂടെ  പലകാലങ്ങളിലൂടെ സഞ്ചരിക്കാനും പലജീവിതങ്ങൾ അനുഭവിക്കാനുമുള്ള മോഹങ്ങളിലേക്കായിരുന്നു ഗ്രന്ഥശാലയിലെ ഒരുദിനം അവരെ കൂട്ടിക്കൊണ്ടുപോയത്‌. ബഷീറിൽനിന്ന്‌ തുടങ്ങി വിശ്വസാഹിത്യലോകത്തിലൂടെയുള്ള സഞ്ചാരം അവനവനിലെ സർഗാത്മകതയെ കണ്ടെടുക്കാൻ  പ്രേരിപ്പിക്കുകയായിരുന്നു. കഥകളുടെയും കവിതകളുടെയും കൈപിടിച്ച്‌ അവർ സാഹിത്യലോകത്തിന്റെ ആഴവും പരപ്പും തൊട്ടറിഞ്ഞു. കണ്ണൂർ സെന്റ്‌ മൈക്കിൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി  വിദ്യാർഥികളാണ്‌  ‘പുസ്‌തകത്താള’വുമായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ ഒരുദിവസം ചെലവഴിച്ചത്‌. സ്‌കൂൾ വിദ്യാരംഗം സാഹിത്യവേദിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.  ഗ്രാമീണ ലൈബ്രറികളുടെ പ്രവർത്തനവും അവ നാട്ടിൻപുറത്തെ സാമൂഹ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും പരിചയപ്പെടുകയായിരുന്നു ലക്ഷ്യം. നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌തകങ്ങളെ പരിചയപ്പെടുത്തി ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ രാധാകൃഷ്‌ണൻ മാണിക്കോത്താണ്‌ പുസ്‌തകത്താളത്തിന്‌ തുടക്കമിട്ടത്‌. ലൈബ്രറികളുടെ പ്രവർത്തന രീതി, അംഗത്വം, പുസ്‌തകവിതരണം, സാമൂഹ്യപ്രവർത്തനങ്ങൾ എന്നിവയും പരിചയപ്പെട്ടു. ആദർശ്‌ മാണിക്കോത്തിന്റെ ലഹരിവിരുദ്ധ മാരത്തണിലും കുട്ടികൾ പങ്കാളിയായി. ഒ ശരത്‌കൃഷ്‌ണനും സംഘവും അവതരിപ്പിച്ച പാട്ടുമേളവും അരങ്ങേറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന, വൈശാഖ്‌ സുഗുണൻ, എ സജിത്ത്‌, പി വി വൈഷ്‌ണവ്‌ എന്നിവർ സംസാരിച്ചു. എം ഷൈജു സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News