ചന്ദ്രജ്യോതിയുടെ കൃഷിയിടത്തിൽ നെല്ലുണ്ട്‌, പച്ചക്കറിയുണ്ട്‌, നാടൻകോഴിയുണ്ട്‌...

ചന്ദ്രജ്യോതി പച്ചക്കറി വിളവെടുപ്പിൽ


കണ്ണൂർ ചന്ദ്രമതിയുടെ കൃഷിയിടത്തിൽ നെല്ലും പച്ചക്കറിയും കിഴങ്ങുവർഗങ്ങളും ഉൽപ്പാദിപ്പിക്കുന്നത്‌ ആവശ്യത്തിലേറെയാണ്‌. എന്നാൽ  വിൽക്കാത്തതിനാൽ  കണക്കുപുസ്‌തകത്തിൽ ലാഭനഷ്ടങ്ങളില്ല. കൃഷി  അവർക്ക്‌ ജീവിതസപര്യയാണ്‌. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കഴിച്ചുള്ളവ വിത്തായി സൂക്ഷിക്കും. ആവശ്യക്കാർക്ക്‌ സൗജന്യമായി  അവ വിതരണംചെയ്യും. നെല്ല്‌ ഒരു കിലോ വരെ സൗജന്യമാണ്‌. എന്നാൽ  അഞ്ച്‌ കിലോ നെൽവിത്ത്‌ കൊടുത്താൽ  വിളഞ്ഞാൽ  മറ്റ്‌  അഞ്ച്‌ പേർക്കുകൂടി വിത്ത്‌  നൽകണമെന്നാണ്‌ നിബന്ധന.  പരിയാരം മുക്കുന്ന്‌ കാരോട്‌ അനശ്വര ചൈതന്യ വീട്ടിൽ പി പി ചന്ദ്രജ്യോതിയുടെ കൃഷിയിടത്തിൽ ഇല്ലാത്ത വിളകളില്ല. ഒന്നര ഏക്കറിൽ പച്ചക്കറിയും  അത്രതന്നെ സ്ഥലത്ത്‌ നെല്ലും  കൃഷിചെയ്യുന്നു. 55 തരം പച്ചക്കറിയുണ്ട്‌ പറമ്പിൽ. മുളക്‌ തന്നെ 32 തരം. വഴുതിന ഇരുപതും പയർ  10ഉം ഇനമുണ്ട്‌.  കുമ്പളങ്ങയും വെണ്ടക്കയും അഞ്ച്‌ തരമുണ്ട്‌.  പാവയ്‌ക്ക മൂന്നും പടവലം രണ്ടും വിധം. 10 തരം ചക്കര കിഴങ്ങും 31 കാച്ചിലും വിളയുന്നു. ചീരയും തവരയും ഉൾപ്പെടെയുള്ള  ഇലക്കറി ഇനം 31  ആണ്‌.  പത്ത്‌ തരം ചോളവുമുണ്ട്‌.  ഉരുളക്കിഴങ്ങിന്‌ പകരം ഉപയോഗിക്കുന്ന അടതാപ്പും ഈ കൃഷിയിടത്തിൽ കാണാം.   കംബോഡിയൻ  മഞ്ഞൾ, രാജസ്ഥാൻ വഴുതിന, ആമസോൺ കാടുകളിൽ കാണുന്ന ഇൻകാം പീനട്ട്‌, പീനട്ട്‌ ബട്ടർ എന്നിവയും ഇവിടെയുണ്ട്‌. മിക്ക  കിഴങ്ങ്‌ ഇനങ്ങളും നന്നായി വിളയുന്നുണ്ടെങ്കിലും ഹൈബ്രിഡ്‌ പച്ചക്കറികൾ പടിക്ക്‌ പുറത്താണ്‌.  24  ഇനം നാടൻ നെല്ലൊരുക്കുന്ന അപൂർവ കർഷകപ്രതിഭയാണ്‌ ചന്ദ്രജ്യോതി. കൊല്ലൂർ മുകാംബിക ക്ഷേത്രത്തിൽ പൂജയ്‌ക്ക്‌ മലരിനായി  ഉപയോഗിക്കുന്ന സരസ്വതി മുതൽ മിക്ക നാടൻ ഇനങ്ങളും ഇവരുടെ പാടത്ത്‌  സമൃദ്ധമാണ്‌.  രക്തശാലി, നവര, കരിനെല്ല്‌, രസഗാഥം,  കൃഷ്‌ണ കൗമുദി തുടങ്ങിയവ കൃഷി ചെയ്യുന്നു.  അത്യൂൽപ്പാദന ശേഷിയുള്ള നെല്ലിനങ്ങൾ പരീക്ഷിച്ചെങ്കിലും നാടൻ ഇനങ്ങളുടെ അത്ര ഉൽപ്പാദനം ലഭിച്ചില്ലെന്ന്‌ ചന്ദ്രജ്യോതി പറയുന്നു.  ആറ്‌ കുള്ളൻ പശുവിനെയും  150 നാടൻ കോഴിയെയും 15 താറാവിനെയും  ഏഴ്‌  മലബാറി ആടിനെയും  ഇവർ വളർത്തുന്നുണ്ട്‌.  ടെറസിലും പുരയിടത്തിലുമായി 800 ഗ്രോബാഗിലും പച്ചക്കറിയുണ്ട്‌.  രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാറില്ല.  ചാണകത്തിന്‌ പുറമെ  ഹരിത കഷായമാണ്‌ വളം. കൃഷിക്ക്‌ കൂട്ടായി പ്രവാസിയായിരുന്ന ഭർത്താവ്‌ ഇ വി ജനാർദനനും  മക്കളായ  പിജി മെഡിസൻ വിദ്യാർഥി ചൈതന്യയും ബിടെക്‌ കഴിഞ്ഞ അനശ്വരയുമുണ്ട്‌. Read on deshabhimani.com

Related News