കാർഷികസംസ്‌കൃതിക്ക്‌ കരുത്തേകാൻ ‘ഹരിതമോഹനം’ സ്കൂളുകളിലേക്ക്



കല്യാശേരി കാർഷിക സംസ്കൃതിക്ക് കരുത്തേകാൻ കല്യാശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ 'ഹരിതമോഹനം’  പദ്ധതി. കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർഥികളെയും കാർഷിക മേഖലയുമായി ബന്ധപ്പെടുത്തുകയെന്ന  ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ കല്യാശേരി  മണ്ഡലംതല ഉദ്ഘാടനം ജൂലൈ രണ്ടിന്‌ പുറച്ചേരി ഗവ യുപി സ്കൂളിൽ നടക്കും.  ഓണത്തിന് വിദ്യാലയങ്ങളിൽ നാട്ടുപൂക്കളം എന്ന കാഴ്ചപ്പാടോടെ ചെണ്ടുമല്ലി തോട്ടങ്ങളും വിഷരഹിതമാണ് എന്റെ ഭക്ഷണം എന്ന ലക്ഷ്യത്തിലൂന്നി പച്ചക്കറി കൃഷിയും ആദ്യഘട്ടത്തിൽ നടപ്പാക്കും.  വിത്തും ചെടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൃഷിഭവൻ ലഭ്യമാക്കും. 10 സെന്റിൽ കൃഷി ചെയ്യാൻ താൽപ്പര്യമുള്ള വിദ്യാലയങ്ങൾക്ക് 4000 രൂപ വരെ സർക്കാർ സബ്സിഡി നൽകും. സ്ഥലസൗകര്യമില്ലാത്ത വിദ്യാലയങ്ങളിൽ ഗ്രോബാഗ് കൃഷിയും ടെറസ് കൃഷിയും നടത്താം. വിദ്യാലയത്തിനടുത്തുള്ള സ്ഥലങ്ങളും പ്രയോജനപ്പെടുത്താം.   മണ്ണൊരുക്കലുൾപ്പടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതോടൊപ്പം  സ്കൂൾ പിടിഎ, പൂർവ വിദ്യാർത്ഥി സംഘടന, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണവും ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ  ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക.  പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ മണ്ഡലത്തിലെ  പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽ, പ്രധാനാധ്യാപകർ എന്നിവരുടെ യോഗം ചേർന്നു.   Read on deshabhimani.com

Related News