റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡ്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പരിശോധിക്കുന്നു


 കണ്ണൂർ റിപ്പബ്ലിക്‌ ദിനം  ജില്ലയിൽ  വിവിധ പരിപാടികളോടെ  ആഘോഷിച്ചു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ  മന്ത്രി കെ രാധാകൃഷ്‌ണൻ ദേശീയപതാക ഉയർത്തി സല്യൂട്ട്‌ സ്വീകരിച്ചു.  വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർഥി കേഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു.   വിശിഷ്ടാതിഥികളായ പത്മശ്രീ ജേതാക്കൾ പയ്യന്നൂരിലെ വി പി അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ ചിറക്കലിലെ എസ് ആർ ഡി പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചാദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി.   മേയർ ടി  ഒ മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌  ബിനോയ്‌ കുര്യൻ  എന്നിവർ പങ്കെടുത്തു.  കലക്ടർ എസ് ചന്ദ്രശേഖർ, റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലത, സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.  സെറിമോണിയൽ പരേഡിൽ ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി  കമാൻഡറായി.   കെ എ പി നാലാം ബറ്റാലിയൻ, സിറ്റി  പൊലീസ്, റൂറൽ പൊലീസ്, വനിതാ പൊലീസ് പ്ലാറ്റൂണുകൾ,  ജയിൽ, എക്‌സൈസ്, എൻസിസി, എസ്‌പിസി, ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.   കണ്ണൂർ ഡി എസ് സി സെന്റർ ബാൻഡ് ട്രൂപ്പിനൊപ്പം സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, കടമ്പൂർ എച്ച്എസ്എസ്  വിദ്യാർഥികളും  മേലെചൊവ്വ  ക്യാപ്സ് സ്പെഷ്യൽ സ്കൂൾ,  മട്ടന്നൂർ കുടുംബശ്രീ ബഡ്‌സ് സ്കൂൾ ഭിന്നശേഷി വിദ്യാർഥികളും ബാൻഡ് മേളം അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം  പ്ലോട്ടുകൾ  പരേഡിനെ ആകർഷകമാക്കി. ആദരിച്ചു മാവിലായി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സൈനികരെ ആദരിച്ചു. യുദ്ധത്തിൽ വെടിയേറ്റ  സൈനികൻ വെള്ളച്ചാലിലെ സുബേദാർ  കെ പത്മനാഭൻ നമ്പ്യാർ,  വിമുക്ത ഭടന്മാരായ ടി പി ബാലൻ, സി വി ബാലൻ, മാധവൻ നമ്പൂതിരി  എന്നിവരെയാണ്‌ ആദരിച്ചത്‌. ആർമി മെഡിക്കൽ കോറിൽ സേവനം അനുഷ്‌ഠിച്ച പത്മനാഭൻ നമ്പ്യാർക്ക്‌ യുദ്ധത്തിൽ മുറിവേറ്റ സഹസൈനികരെ രക്ഷപ്പെടുത്തുന്നതിനിടെയാണ്‌ വെടിയേറ്റത്.  കുഞ്ഞമ്പു വെള്ളച്ചാൽ ദേശീയ പതാക ഉയർത്തി.  പ്രമോദ് ഇരിവേരി അധ്യക്ഷനായി.  സെക്രട്ടറി പ്രദീപ് പി വി,  പുരുഷോത്തമൻ, വിനോദ് വെള്ളച്ചാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News