തൊടീക്കളം ചുവർച്ചിത്ര മ്യൂസിയം ഒരുങ്ങി

തൊടീക്കളം ശിവക്ഷേത്രത്തിലെ ചുവർച്ചിത്ര മ്യൂസിയം


കൂത്തുപറമ്പ് നൂറ്റാണ്ടുകളുടെ കഥപറയുന്ന തൊടീക്കളം ശിവക്ഷേത്രത്തിൽ ചുവർച്ചിത്ര മ്യൂസിയം ഉദ്‌ഘാടനത്തിനൊരുങ്ങി. 2.57 കോടി രൂപ ചെലവിട്ട്‌ പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം ഒരുക്കിയത്‌. മ്യൂസിയത്തിനുപുറമെ ഊട്ടുപുര, ദേവസ്വം ഓഫീസ്, വിശ്രമമുറി, ആർട്ട് ഗ്യാലറി, വഴിപാട് കൗണ്ടർ എന്നിവയുമുള്ള ഇരുനിലക്കെട്ടിടമാണ്‌ ക്ഷേത്രത്തോടുചേർന്ന് ഒരുക്കിയത്.    ക്ഷേത്രത്തിന്‌ 2,000 വർഷത്തിലേറെ പഴക്കമുണ്ട്. പതിനാലാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചതെന്ന്‌ കരുതുന്നു. 400 വർഷം പഴക്കമുള്ള ചുവർചിത്രങ്ങളാണ്‌ കേരളത്തിലെ 108 പൗരാണിക ക്ഷേത്രങ്ങളിലൊന്നായ തൊടീക്കളം ശിവക്ഷേത്രത്തിലുള്ളത്‌. 1994ൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. ശ്രീകോവിൽ ചുവരിൽ 700 ചതുരശ്രയടിയിൽ 40 പാനലുകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളാണുള്ളത്. 2017ൽ 1.60 കോടി രൂപ ചെലവഴിച്ച് ചിത്രങ്ങൾ സംരക്ഷിക്കുകയും നാലമ്പലത്തിന്റെ ചുറ്റുമതിലും തിടപ്പള്ളിയും പ്രദക്ഷിണ വഴികളും നവീകരിച്ചു.    ചിത്രങ്ങൾ സംരക്ഷിച്ച്‌ കൂടുതൽ പ്രചാരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം ഒരുക്കിയത്. 2019 ൽ തുടങ്ങിയ നിർമാണം കോവിഡ്കാലത്ത്‌ നിർത്തിവച്ചെങ്കിലും  അധികം വൈകാതെ പൂർത്തിയാക്കാനായി. കുളം നവീകരണം ഉടൻ ആരംഭിക്കും. അമ്പലത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനും സംരക്ഷണച്ചുമതല പുരാവസ്തുവകുപ്പിനുമാണ്. Read on deshabhimani.com

Related News