കെഎസ്‌ആർടിസിയുടെ വരുമാനം വർധിച്ചു



കണ്ണൂർ കെഎസ്‌ആർടിസി മലയോര ടൂറിസം പാക്കേജിന്‌ മികച്ച പ്രതികരണം ലഭിച്ചതോടെ വരുമാനവും കൂടി.  കെഎസ്‌ആർടിസിയിൽ വിനോദയാത്രയോ എന്ന്‌ ചോദിക്കുന്നവർക്കുള്ള ഉത്തരമാണ്‌ യാത്രയ്‌ക്കെത്തിയ ആളുകളുടെ എണ്ണത്തിലുള്ള വർധന. 51 വിനോദ യാത്രകളാണ്‌ കണ്ണൂർ ഡിപ്പോയിൽനിന്ന്‌ നടത്തിയത്‌. 2200 പേർ യാത്രചെയ്‌തപ്പോൾ  വരുമാനം 21 ലക്ഷം രൂപ.  മൂന്നാറിലേക്ക്‌  15 ട്രിപ്പും  വയനാട്ടിലേക്ക്‌ 32 ട്രിപ്പുമാണ്‌ നടത്തിയത്‌.  വൈതൽമലയിലേക്ക്‌ രണ്ട്‌ യാത്രയും. എയർബസ്സിലും ഫാസ്‌റ്റ്‌ പാസഞ്ചർ ബസ്സുകളിലുമാണ്‌ യാത്ര ഒരുങ്ങിയത്‌.  മൺസൂൺ കാലത്ത്‌ പ്രത്യേക പാക്കേജുമുണ്ട്‌. വൈതൽമല, പാലക്കയം തട്ട്‌, ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുത്തിയാണ്‌ യാത്ര. 750 രൂപയാണ്‌ ഒരു ദിവസത്തെ യാത്രയ്‌ക്ക്‌. തിരുവനന്തപുരവും ആലപ്പുഴയും ഉൾപ്പെടുത്തി രണ്ടുദിവസത്തെ യാത്രയ്‌ക്ക്‌ 3400 രൂപ. ജൂൺ 10ന്‌ വൈകിട്ടാണ്‌ ഈ യാത്ര പുറപ്പെടുക. വയനാട്‌, തുഷാരഗിരി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുത്തി 1000 രൂപയ്‌ക്കും യാത്രയുണ്ട്‌. ബേക്കൽ കോട്ട, ബേക്കൽ ബീച്ച്‌, റാണിപുരം എന്നിവ ഉൾപ്പെടുത്തിയും യാത്രയുണ്ട്‌. Read on deshabhimani.com

Related News