9 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു; ആകെ 24 പേർ



കണ്ണൂർ പുതുതായി ഒമ്പതുപേർക്കു കൂടി കോവിഡ്‌ 19 രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. കൂത്തുപറമ്പ്‌, കതിരൂർ, കോട്ടയംപൊയിൽ എന്നിവിടങ്ങളിലെ രണ്ടുപേർ വീതവും തലശേരി, മട്ടന്നൂർ, മേക്കുന്ന്‌ എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ്‌ പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ.  ദുബായിൽനിന്ന്‌ ബംഗളൂരു, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി നാട്ടിലെത്തിയവരാണ്‌ എല്ലാവരുമെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു.  ബംഗളൂരുവിൽനിന്ന്‌ കഴിഞ്ഞദിവസം ടെമ്പോട്രാവലറിലെത്തി വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞ പതിനാലംഗ സംഘത്തിലുള്ളവരാണ്‌ കോട്ടയംപൊയിലിലെ രണ്ടുപേരും കതിരൂരിലെ ഒരാളും.  ഇകെ 564 എമിറേറ്റ്‌സ്‌ വിമാനത്തിൽ 22നാണ്‌ ഇവർ ബംഗളൂരുവിലിറങ്ങിയത്‌. സംഘത്തിലെ മറ്റുള്ളവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്‌. എമിറേറ്റ്‌സിന്റെ തന്നെ ഇകെ 566ൽ 20ന്‌ ബംഗളൂരുവിലെത്തിയതാണ്‌ കൂത്തുപറമ്പ്‌ സ്വദേശികൾ.  തലശേരി സ്വദേശി എയർ ഇന്ത്യയുടെ എ വൺ 938 വിമാനത്തിൽ 17നും മേക്കുന്ന്‌ സ്വദേശി ഇതേവിമാനത്തിൽ 19നും കരിപ്പൂരിലാണിറങ്ങിയത്‌. സ്‌പൈസ്‌ജെറ്റിന്റെ എസ്‌ജി 64 വിമാനത്തിൽ കരിപ്പൂരിലാണ്‌ കതിരൂരിലെ ഒരാളും മട്ടന്നൂർ സ്വദേശിയുമെത്തിയത്‌.  ആറുപേർ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രണ്ടുപേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാആശുപത്രിയിലും. പരിശോധനാഫലം പോസിറ്റീവാണെന്നു കണ്ടെത്തിയതോടെ  വീടുകളിലുള്ളവരെയും തലശേരി ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റി.  എല്ലാവരുടെയും സഞ്ചാരപഥം വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. നാട്ടിലെത്തിയതുമുതൽ എല്ലാവരും ഐസൊലേഷനിലായതിനാൽ കൂടുതൽപേരുമായി സമ്പർക്കമുണ്ടാകാൻ സാധ്യത കാണുന്നില്ലെന്ന്‌ കലക്ടർ പറഞ്ഞു.  ജില്ലയിൽ ഇതുവരെ 25 പേരുടെ പരിശോധനാ ഫലങ്ങളാണ്‌ പോസിറ്റീവായി കണ്ടത്‌. ഇതിൽ ആദ്യം രോഗബാധ കണ്ടെത്തിയ പെരിങ്ങോം സ്വദേശി പൂർണമായും രോമവിമുക്തനായി. ഇരുപത്തഞ്ചിൽ 24 പേരും ദുബായിൽനിന്ന്‌ വന്നവർ. ഒരാൾ ഷാർജയിൽനിന്നും.  സമ്പർക്കം മുഖേന ഒരാൾക്കും ജില്ലയിൽ രോഗം ബാധിച്ചിട്ടില്ല. ഇന്നത്തെ നിലയിൽ സാമൂഹ്യവ്യാപനത്തിന്‌ സാധ്യതയില്ലെന്നും ഒരുതരത്തിലും ആശങ്കപ്പെടാനില്ലെന്നും കലക്ടർ വ്യക്തമാക്കി.  ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ വി സുമേഷ്‌, ഡിഎംഒ നാരായണ നായ്‌ക്ക്‌, ജില്ലാ സർവെയ്‌ലൻസ്‌ ഓഫീസർ ഡോ. എം കെ ഷാജ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News