സാമൂഹ്യ പെൻഷൻ വിതരണം തുടങ്ങി



കണ്ണൂർ സർക്കാർ നിശ്‌ചയിച്ചതിലും ഒരു ദിവസം മുമ്പേ സാമൂഹ്യക്ഷേമ പെൻഷൻ വിതരണംചെയ്‌ത്‌ കണ്ണൂരിന്റെ മാതൃക.  ജില്ലയിലെ 1,79,174 ഗുണഭോക്താക്കൾക്ക്‌ രണ്ടു മാസത്തെ പെൻഷനായി മൊത്തം 42.53 കോടി രൂപയാണ്‌ സഹകരണ ബാങ്കുകൾമുഖേന വ്യാഴാഴ്‌ച കൊടുത്തുതുടങ്ങിയത്‌.      135 സഹകരണ ബാങ്കുകളിലെ 1060 ബിൽ കലക്ടർമാർ പെൻഷൻ തുക നേരിട്ട്‌ വീടുകളിലെത്തിക്കുന്നു. കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി മാസ്‌ക്കും സാനിറ്റൈസറും അടക്കമുള്ള സുരക്ഷാസംവിധാനങ്ങളോടെയും സുരക്ഷിത അകലം പാലിച്ചുമാണ്‌ പെൻഷൻ വിതരണം.      വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യാനാണ്‌ സർക്കാർ നിർദേശിച്ചതെങ്കിലും മുൻകൂട്ടി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതിനാലാണ്‌ വ്യാഴാഴ്‌ചതന്നെ ആരംഭിക്കാൻ സാധിച്ചതെന്ന്‌ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാർ എം കെ ദിനേശ്‌ബാബു പറഞ്ഞു.      വയോജന പെൻഷനാണ്‌ ഏറ്റവും കൂടുതൽ പേർക്കു ലഭിക്കുന്നത്‌. 94,520 പേർക്കായി 22,67,42,400 രൂപ വിതരണം ചെയ്യുന്നു. രണ്ടാമത്‌ കർഷകത്തൊഴിലാളി പെൻഷനാണ്‌–- 25,860 പേർക്കായി 6,02,54,400 രൂപ. 15,427 ഭിന്നശേഷിക്കാർക്കും (3,69,61,900 രൂപ) 6,182 അമ്പതുകഴിഞ്ഞ അവിവാഹിതർക്കും (1,42,80,600 രൂപ) 37,185 വിധവകൾക്കും (8,71,03,500 രൂപ) ജില്ലയിൽ പെൻഷൻ ലഭ്യമാക്കുന്നു. പരമാവധി വീടുകളിൽ പോയി പെൻഷൻകാരുടെ കൈയിൽതന്നെ പെൻഷൻ തുക നൽകണമെന്ന്‌ ജോയിന്റ്‌ രജിസ്‌ട്രാർ സർക്കുലറിൽ നിർദേശിച്ചിരുന്നു.  കോവിഡ്‌–- 19 രോഗ സംശയത്താൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകാൻ പ്രയാസമുണ്ടെങ്കിൽ അതത്‌ ഭരണസമിതിയുമായി ചർച്ച ചെയ്ത് പെൻഷൻ വീട്ടിലെത്തിക്കാൻ മറ്റു വഴികൾ ആലോചിക്കണം. അതിനും സാധ്യതയില്ലെങ്കിൽ ഭാവിയിൽ പരാതിക്കിടവരാത്ത വിധത്തിൽ  പെൻഷൻകാരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക നിക്ഷേപിക്കാം. എന്നാൽ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കൈയിൽതന്നെ പണമെത്തിക്കുകയെന്ന സർക്കാരിന്റെ സദുദ്ദേശ്യത്തിനൊപ്പമായിരിക്കണം സഹകരണ സ്ഥാപനങ്ങളും ജീവനക്കാരുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്‌. സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചതുപ്രകാരം അടുത്തയാഴ്‌ചതന്നെ വീണ്ടും അഞ്ചു മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള  തയ്യാറെടുപ്പുകളും ജില്ലയിൽ സഹകരണ വകുപ്പ്‌ ആരംഭിച്ചു. Read on deshabhimani.com

Related News