റിവർ ക്രൂയിസ്‌ ഒന്നാംഘട്ടം ഈ വർഷം പൂർത്തിയാക്കും: മന്ത്രി കടകംപള്ളി

തച്ചോളി ഒതേനൻ എന്ന വാട്ടർ ടാക്സിയുടെ ആദ്യയാത്രയിൽ പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യയാത്ര 
നടത്തിയപ്പോൾ. ജയിംസ്‌ മാത്യു എംഎൽഎ സമീപം.


കണ്ണൂർ മലബാർ റിവർ  ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം ഈ വർഷം പൂർത്തിയാക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിൽ അനുവദിച്ച വാട്ടർ ടാക്‌സിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ 85 ശതമാനവും പൂർത്തിയാക്കി. ആറ് ബോട്ടുകൾ വാങ്ങുന്നതിനായി 4.67 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതിൽ ഒരു ബോട്ട് നിർമിച്ച് ടൂറിസം വകുപ്പിന് നൽകി. മാർച്ചിൽ ഒരു ബോട്ടും ബാക്കി നാല് ബോട്ടുകൾ മെയ് മാസത്തോടെയും ലഭിക്കുമെന്ന് കേരള ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 17 പദ്ധതികളിൽ അഞ്ച് പദ്ധതികൾ പൂർത്തീകരിച്ചെന്നും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള ടൂറിസം വകുപ്പ്, ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ മുഖേനയാണ് തച്ചോളി ഒതേനൻ എന്ന് പേരിട്ട വാട്ടർ ടാക്സി രൂപകൽപന ചെയ്തത്. ഇതിൽ ആറ് പേർക്ക് യാത്ര ചെയ്യാം.  പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നടന്ന പരിപാടിയിൽ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. പിന്നണി ഗായിക സയനോര ഫിലിപ്പ്  ആദ്യയാത്ര നടത്തി. കേരള ടൂറിസം വകുപ്പ് ഡയറക്ടറും കെടിഡിസി മാനേജിങ്‌ ഡയറക്ടറുമായ കൃഷ്ണ തേജ മൈലവരപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.  ആന്തൂർ നഗരസഭാ അധ്യക്ഷൻ പി മുകുന്ദൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ, ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സി. എൻജിനിയർ ജോളിസൂസൻ ചെറിയാൻ, കെടിഡിസി ഡയറക്ടർ പി പി ദിവാകരൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മുരളീധരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News