തിരക്കേറിയ സമയത്ത്‌ 
വലിയ വാഹനങ്ങൾക്ക്‌ നിയന്ത്രണം



കണ്ണൂർ കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നതിന്‌ വലിയ വാഹനങ്ങൾക്ക്‌ വെള്ളിയാഴ്‌ച മുതൽ നിയന്ത്രണം. തിരക്കേറിയ സമയത്ത്‌  ദേശീയപാതയിൽ താഴെചൊവ്വമുതൽ വളപട്ടണം പാലംവരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന  സാഹചര്യത്തിലാണ്‌ നടപടി.  കലക്ടർ,  സിറ്റി പൊലീസ് കമീഷണർ, എംപി, എംഎൽഎ,  കോർപ്പറേഷൻ മേയർ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌, ആർടിഒ, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, ദേശീയപാതാ എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിലാണ് തീരുമാനം.  ഗതാഗതക്കുരുക്ക് കൂടുതൽ അനുഭവപ്പെടുന്ന രാവിലെ എട്ടുമുതൽ പത്തുവരെയും വൈകിട്ട്‌ നാലുമുതൽ ആറുവരെയുമാണ് നിയന്ത്രണം. മൾട്ടി ആക്സിൽ ലോറി, ടിപ്പർ, ഗ്യാസ് ടാങ്കർ, ചരക്കുലോറി തുടങ്ങിയവയ്‌ക്കാണ്‌ നിയന്ത്രണം. ഇതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പൊലീസ്‌ എസ്‌എച്ച്‌ഒമാരെ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ചുമതലപ്പെടുത്തി.   പഴയങ്ങാടി ഭാഗത്തുനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ താവത്ത്‌ നിയന്ത്രിക്കും. വളപട്ടണത്ത് വീതിയുള്ള റോഡായതിനാൽ അത്തരം വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യും.   കൂത്തുപറമ്പ –- മമ്പറംവഴി വരുന്ന  വാഹനങ്ങളെ മമ്പറത്തും തലശേരി ഭാഗത്തുനിന്നുള്ളവയെ മുഴപ്പിലങ്ങാടും  നിയന്ത്രിക്കും. നിർദേശം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെയും അനുവദിച്ച സ്ഥലങ്ങളിലല്ലാതെ  വഴിയോരങ്ങളിൽ  പാർക്ക് ചെയ്യുന്നവർക്കെതിരെയും  കർശന നടപടിയെടുക്കുമെന്നും പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News