നന്മ മലയാളത്തിലേക്ക്‌ 
അതിഥിക്കുരുന്നുകൾ

ദൈവത്താർകണ്ടി ​ഗവ. യുപി സ്കൂളിൽ പഠിക്കാനെത്തിയ അതിഥി തൊഴിലാളികളുടെ മക്കൾ (ഫയൽ ചിത്രം)


കണ്ണൂർ നാടുവിട്ടെങ്കിലും അവർ സ്‌കൂളിൽ തന്നെയുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലിരുന്ന്‌ അവർ ഓൺലൈൻ ക്ലാസിൽ  കൂട്ടുകാർക്കൊപ്പം അക്ഷരമധുരം നുണഞ്ഞു. സ്‌കൂൾ തുറക്കും മുമ്പേ തിരിച്ചെത്തിയിട്ടുണ്ട്‌ ഭൂരിഭാഗം പേരും. ദൈവത്താർകണ്ടി ജിയുപി സ്‌കൂൾ തിങ്കളാഴ്‌ച തുറക്കുമ്പോൾ അതിഥി തൊഴിലാളികളുടെ മക്കളായ 35 പേരുമുണ്ട്‌.   കോവിഡ്‌ ഭീതിയിൽ കൈയിൽ കിട്ടിയതെല്ലാമെടുത്ത്‌ ട്രെയിൻ കയറിയപ്പോഴും മക്കളുടെ പഠനം ഉറപ്പാക്കിയിരുന്നു. സ്‌കൂൾ തുറക്കുമെന്ന്‌ അറിയിപ്പ്‌ ലഭിച്ചതോടെ മിക്കവരും മടങ്ങിയെത്തി. കളിയും ചിരിയുമായി കൂട്ടുകാർക്കൊപ്പം കൂട്ടുകൂടാമെന്ന സന്തോഷത്തിലാണ്‌ കുരുന്നുകൾ.  കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ രാജ്യം അടച്ചതോടെ സ്വദേശത്തേക്ക്‌ മടങ്ങിയവരാണ്‌ അതിഥി തൊഴിലാളികൾ. ജോലിയില്ലാതെ വലഞ്ഞ ഇവർ കിട്ടിയ ട്രെയിനിന്‌ നാട്ടിലേക്ക്‌ തിരിച്ചു. എന്നാൽ, കോവിഡ്‌ ഇളവുകൾ വന്നതോടെ കേരളത്തിലേക്ക്‌ മടങ്ങിയെത്തി.   ദൈവത്താർകണ്ടി യുപി സ്‌കൂളിലെ 57 വിദ്യാർഥികളിൽ 35 പേരും ഇതരസംസ്ഥാനക്കാരാണ്‌.  രാജസ്ഥാൻ, ഡൽഹി, ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ ഏറെയും. ഇംഗ്ലീഷ്‌, മലയാളം മീഡിയം  ഉണ്ടെങ്കിലും കൂടുതൽ പേരും തെരഞ്ഞെടുത്തത്‌ മലയാളമാണ്‌. ഓൺലൈനായി പാഠം ദിവസവും പഠിപ്പിക്കുന്നുണ്ട്‌.  വേഗത്തിലാണ്‌ ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ മലയാളം പഠിക്കുന്നതെന്ന്‌ അധ്യാപകർ പറഞ്ഞു.  ഇനി ആറ്‌ കുട്ടികൾ മാത്രമാണ് മടങ്ങിയെത്താനുള്ളത്. ഇവരും നവംബർ ഒന്നിനകം തിരിച്ചെത്തുമെന്ന്‌ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന ടി ബാബു പറഞ്ഞു. Read on deshabhimani.com

Related News