ലഹരിക്കെതിരെ ലക്ഷക്കണക്കിന് 
യുവജനങ്ങൾ അണിചേർന്നു



  തിരുവനന്തപുരം ലഹരി ഉപയോഗത്തിന്‌ തടയിടാൻ ആരംഭിച്ച  ‘ജനകീയ കവചം’ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയത് ലക്ഷക്കണക്കിന് യുവജനങ്ങൾ. ഞായർ വൈകിട്ട് 5.30ന് സംസ്ഥാനത്തെ 25,000 കേന്ദ്രത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ലഹരിവിരുദ്ധ പ്രചാരണത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ അണിനിരത്തിയ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരടക്കം വിവിധമേഖലയിലുള്ളവർ പങ്കെടുത്തു. കണ്ണൂരിൽ 4068 യൂണിറ്റുകളിൽ യുവജനങ്ങൾ പ്രതിജ്ഞയെടുത്തു.  ജില്ലാതല ഉദ്ഘാടനം കാൽടെക്സിൽ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി,  കെ ജി ദിലീപ്, പി അഖിൽ, കെ റിജേഷ്, ഡാലിയ എന്നിവർ സംസാരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലയിൽ വിപുലമായ പ്രവർത്തനം സംഘടിപ്പിക്കും. Read on deshabhimani.com

Related News