സ്‌നേഹം നിറച്ച ഏഴരലക്ഷം പൊതികൾ

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം നടത്തുന്ന ഹൃദയപൂർവം ഉച്ചഭക്ഷണ വിതരണത്തിന്റെ വാർഷിക ദിനത്തിൽ 
ഡോ. ആർ എൽ വി രാമകൃഷ്ണൻ ഭക്ഷണം നൽകുന്നു (ഫയൽ ചിത്രം)


കണ്ണൂർ ‘‘മലയോരത്ത്‌ കൃഷിയുമായി കഴിയുന്നവരാണ്‌ ഞങ്ങള്‌. ഭർത്താവിന്റെ ചികിത്സയ്‌ക്ക് ടൗണിലേക്ക്‌ ‌ വരുമ്പോ ആകെയൊരു ആധിയായിരുന്നു. കൂടെ നിൽക്കുന്ന നമ്മടെ ചെലവുകൾ എങ്ങനെ കഴിയുമെന്ന്‌ ഒരു പിടിയുമുണ്ടായിരുന്നില്ല... ഈ മക്കൾ ഉച്ചയ്ക്ക്‌ തരുന്ന ചോറിന്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല’’. ലീലയുടെ കണ്ണുകൾ നിറഞ്ഞു.  മൂന്നര വർഷക്കാലത്തിനുള്ളിൽ ഒരു ദിവസംപോലും മുടങ്ങാതെ  ആശുപത്രി വാതിൽക്കൽ യുവത കാത്തുനിൽക്കുകയാണ്‌. രോഗപീഡകളിൽ  കഴിയുന്നവർക്ക്‌  സ്‌നേഹത്തിന്റെ രുചിയുള്ള പൊതിച്ചോറുകൾ നൽകാൻ. മിഴിനിറയുന്നവരുടെ വയറെരിയാതിരിക്കാൻ ഡിവൈഎഫ്‌ഐ ഏറ്റെടുത്ത ഹൃദയപൂർവം പദ്ധതി ലക്ഷക്കണക്കിന്‌ വിശക്കുന്ന വയറുകൾക്കാണ്‌ ആശ്വാസം പകർന്നത്‌. 2018 ഏപ്രിൽ ഒന്നിനാണ്‌  എ എൻ ഷംസീർ എംഎൽഎ ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതി ഉദ്‌ഘാടനംചെയ്‌തത്‌. കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, പേരാവൂർ താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലാണ്‌ പൊതിച്ചോർ വിതരണം ചെയ്യുന്നത്‌.   പകൽ 12.30 എന്ന ഒരു സമയമുണ്ടെങ്കിൽ ആശുപത്രിക്ക്‌ മുന്നിൽ പൊതിച്ചോർ കാത്ത്‌ വരിയായി നിൽക്കുന്നവർക്കിടയിലേക്ക്‌  ഡിവൈഎഫ്‌ഐ പതാക കെട്ടിയ ഭക്ഷണ വണ്ടി എത്തും. ഇതുവരെ 7,67,400 പൊതിച്ചോർ  ജില്ലാ ആശുപത്രിയിൽ  വിതരണം ചെയ്‌തു. ശരാശരി 600 പൊതിച്ചോർ പ്രതിദിനം വിതരണം ചെയ്യുന്നുണ്ട്‌. മേഖലാ കമ്മിറ്റികൾക്കാണ്‌  വിതരണ ചുമതല. യൂണിറ്റ്‌ അടിസ്ഥാനത്തിൽ ഓരോ വീട്ടിൽ നിന്നും രണ്ടുമുതൽ അഞ്ചുവരെ ഊൺ ശേഖരിക്കും.  ഹൃദയപൂർവം പദ്ധതിയിൽ ഊൺ നൽകാനായതിന്റെ സന്തോഷമാണ്‌ പാപ്പിനിശേരിയിലെ വീട്ടമ്മ ബിന്ദു പങ്കുവച്ചത്‌. ‘‘ എന്തായാലും വീട്ടിലുള്ളവർക്ക്‌ ഊൺ ഉണ്ടാക്കണം. അതിന്റെ കൂടെ മുന്നോ നാലോപേർക്ക്‌ അധികം ഉണ്ടാക്കണമെന്നല്ലേയുള്ളൂ. അതൊരു പ്രയാസമായി തോന്നിയിട്ടേയില്ല. ഡിവൈഎഫ്‌ഐക്കാർ ചെയ്യുന്ന ഒരു നല്ല കാര്യത്തിന്റെ കൂടെ നിൽക്കാനല്ലേ സന്തോഷം മാത്രം’’.  പേരാവൂർ താലൂക്ക്‌ ആശുപത്രിയിൽ ബ്ലോക്കിനുകീഴിലെ മേഖലാ കമ്മിറ്റികളാണ് ഭക്ഷണമെത്തിക്കുന്നത്‌. ഇവിടെ 1,28,400 പൊതികൾ വിതരണം ചെയ്‌തു. ജില്ലാ ആശുപത്രിയിൽ  തുടങ്ങി ഒരു വർഷത്തിനുശേഷം തുടങ്ങിയ തലശേരി ജനറൽ ആശുപത്രിയിൽ 3,36,050 പൊതികൾ നൽകി. Read on deshabhimani.com

Related News