പിറന്നാളാണോ...? 
പങ്കിടാം വീട്ടുരുചി

കയരളം എയുപി സ്‌കൂൾ വിദ്യാർഥി ആർദ്ര വീട്ടിലുണ്ടായ 
കായ്‌ക്കുല പ്രധാനാധ്യാപിക വനജകുമാരിക്ക്‌ കൈമാറിയപ്പോൾ


കണ്ണൂർ പിറന്നാൾ സന്തോഷം കൂട്ടുകാർക്കൊപ്പം പങ്കിടാൻ രണ്ട്‌ വെള്ളരിയും ഒരു കായ്‌ക്കുലയുമായാലോ...  കയരളം എയുപി സ്‌കൂളിലെ കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷം ഇങ്ങനെയാണ്‌. ചിലർ രണ്ട്‌ വെള്ളരി, ഒരു പിടി പയർ,  ഒരു കുഞ്ഞു കായ്‌ക്കുല,  സാലഡിനുള്ള പച്ചക്കറികൾ,  ഒരുപിടി ചീര... അങ്ങനെയങ്ങനെ സ്‌കൂളിലേക്ക്‌ പിറന്നാൾ  ദിനത്തിൽ എന്തു പച്ചക്കറിയും നൽകാം. അധികം വളമിടാത്തത്‌ വേണമെന്ന ഒറ്റ നിർബന്ധമേയുള്ളൂ.  വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്നുള്ളതാണങ്കിൽ സംഗതി ബഹുകേമം. സ്‌കൂളിൽ പിറന്നാളുകാരുടെ എണ്ണമനുസരിച്ച്‌  അന്നത്തെ ദിവസം  ഉച്ചയൂണിനുള്ള കറികളുടെ എണ്ണവും കൂടും. ചിലർ പായസവും നൽകും. മൂന്ന്‌ വർഷമായി തുടരുന്ന ഈ പിറന്നാളാഘോഷം കൃത്രിമ മധുരങ്ങളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ തുടങ്ങിയതെന്ന്‌ പ്രധാനാധ്യാപിക വനജകുമാരി പറഞ്ഞു. മിഠായിപ്പൊതികൾ ക്ലാസിലും ചുറ്റുവട്ടത്തും വലിച്ചെറിയുന്നതിനും പരിഹാരമാണിതെന്ന്‌ അവർ പറഞ്ഞു.  വീട്ടിലുണ്ടായ ജൈവപച്ചക്കറികൾ പിറന്നാൾ ദിനത്തിൽ അല്ലാതെയും കുട്ടികൾ സ്‌കൂളിന്‌ സംഭാവന നൽകാറുണ്ട്‌.   Read on deshabhimani.com

Related News