പകർച്ചപ്പനി കൂടുന്നു



 കണ്ണൂർ മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടി. 25,487 പേരാണ്‌ ഈ മാസം ഇതുവരെ  പനി ബാധിച്ച്‌ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്‌. കഴിഞ്ഞമാസത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പനിബാധിതരുടെ എണ്ണം കൂടുന്നതായാണ്‌ സൂചന. അതേസമയം മഴക്കാലത്തെ പകർച്ചപ്പനിയെ നേരിടാൻ ജില്ലയിലെ  സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണ്‌.    ശനിയാഴ്‌ച 1168 പേരാണ്‌ പനിബാധിച്ച്‌ ചികിത്സ തേടിയത്‌. വെള്ളി–-1198, വ്യാഴം–-1297, ബുധൻ–-1315, ചൊവ്വ–-1287, തിങ്കൾ–-1532 എന്നിങ്ങനെയാണ്‌ കഴിഞ്ഞ ആഴ്‌ചത്തെ കണക്കുകൾ.  മെയിൽ 20,649 പേരും ഏപ്രിലിൽ 15,042 പേരും മാർച്ചിൽ 16,533 പേരും  ചികിത്സ തേടി. ജനുവരിയിൽ 39,487ഉം ഫെബ്രുവരിയിൽ 26,149ഉമാണ്‌ പനിക്കണക്ക്‌. മാർച്ചിൽ കുറഞ്ഞ പനി ബാധിതരുടെ എണ്ണം ജൂണോടെ വർധിക്കുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ജില്ലയിൽ ഡെങ്കിപ്പനിയും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഈ മാസം ഇതുവരെ ഡെങ്കി ലക്ഷണമുള്ള  90 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 17 കേസുകൾ ഡെങ്കിയെന്ന്‌ സ്ഥിരീകരിച്ചു. മെയിൽ 76 ലക്ഷണമുള്ള കേസുകളും എട്ട്‌ സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട്‌ ചെയ്‌തു. ഏപ്രിലിൽ 20 കേസുകളാണ്‌ ഡെങ്കി ലക്ഷണമുള്ളതായി റിപ്പോർട്ട്‌ ചെയ്‌തത്‌. ജില്ലയിൽ കീഴ്‌പ്പള്ളി, ചിറ്റാരിപ്പറമ്പ്‌, കോളയാട്‌, ആലക്കോട്‌ തേർത്തല്ലി തുടങ്ങി മേഖലകളിലാണ്‌ ഡെങ്കി റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഈ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ വെക്ടർ കൺട്രോൾ യൂണിറ്റ്‌ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.   Read on deshabhimani.com

Related News