കായികരംഗത്ത് പുതിയ തൊഴിൽ സാധ്യത കണ്ടെത്തും: മന്ത്രി അബ്ദുറഹിമാൻ

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച അനുമോ​​ദന സദസ്സില്‍ കായിക താരങ്ങള്‍ക്ക് മന്ത്രി വി അബ്ദുറഹിമാൻ ഉപഹാരം നല്‍കുന്നു


കണ്ണൂർ കായിക രംഗത്ത് പുതിയ തൊഴിൽ സാധ്യത കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്ന്‌ കായിക മന്ത്രി വി അബ്ദുറഹിമാൻ. പുതിയ കായികനയം പ്രാബല്യത്തിൽ വരുന്നതോടെ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ  ജില്ലയിലെ കായിക താരങ്ങൾക്കുള്ള അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കായിക താരങ്ങൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന്‌ സ്പോർട്സ് സയൻസ്, സ്പോർട്സ് എംബിഎ പോലുള്ള പുതിയ കോഴ്സുകൾ ആരംഭിക്കും. ഇത്‌ പഠിക്കുന്നവർക്ക് വിദേശങ്ങളിലടക്കം ജോലി സാധ്യതയുണ്ട്‌. കായികതാരങ്ങളുടെ മത്സരങ്ങളിലേക്കും ജോലിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കും. ഇതിനായി സർട്ടിഫിക്കേഷൻ പ്രോഗ്രാം രൂപപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ ശുപാർശ ചെയ്യുന്ന കായിക താരങ്ങൾക്ക് സർക്കാർ നേരിട്ട് സർട്ടിഫിക്കേഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.  2022–--23 കാലയളവിൽ  ജില്ലയെ പ്രതിനിധീകരിച്ച് അന്തർദേശീയ, -ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ നേടിയതും പങ്കെടുത്തതുമായ 294 കായിക താരങ്ങളെയാണ്  അനുമോദിച്ചത്. അന്തർദേശീയ വിഭാഗത്തിൽ പവർ ലിഫ്‌റ്റിങ്‌  മത്സരത്തിൽ സ്വർണ മെഡൽ നേടിയ കെ വി നന്ദന, വെള്ളി നേടിയ അൽക രാഘവ്, സാഫ് ഗെയിംസ് ഫുട്ബോൾ മത്സരത്തിൽനിന്ന്‌ ദേശിയ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുത്ത ബി എൽ അഖില എന്നിവർ  ഉപഹാരം ഏറ്റുവാങ്ങി.  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി.  കലക്ടർ എസ് ചന്ദ്രശേഖർ, ധ്യാൻചന്ദ് അവാർഡ് ജേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ കെ സി ലേഖ, മുൻ ഇന്ത്യൻ ഫുട്‌ബേൾ താരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ സി കെ വിനീത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗം വി കെ സനോജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, എക്സിക്യൂട്ടീവംഗം ഡോ. പി പി ബിനീഷ്, സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോർട്സ് ഓഫീസർ എം എ നിക്കോളാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News