കരുതലൊരുക്കി 
കൂടെയുണ്ട്‌ ‘സ്‌നേഹിത’



കണ്ണൂർ സ്‌ത്രീകൾക്കും കുട്ടികൾക്കും കരുതലിന്റെ സ്‌നേഹസ്‌പർശമായി സ്‌നേഹിത സഹായ കേന്ദ്രം അഞ്ചാം വർഷത്തിലേക്ക്‌. ഗാർഹിക പീഡനങ്ങളെയും മാനസിക സമ്മർദത്തെയും  തുടർന്ന്‌ വീട്ടിൽനിന്നിറങ്ങുന്നവർക്ക്‌ താൽക്കാലിക അഭയവും നിയമസഹായവും നൽകി 24 മണിക്കൂറും സ്‌നേഹിത കൂടെയുണ്ട്‌.    പള്ളിപ്രത്ത് 2017 ഡിസംബർ 16നാണ്‌  സ്‌നേഹിത പ്രവർത്തനം ആരംഭിച്ചത്‌. ഇതുവരെ 2120 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 463 പേർക്ക് താൽക്കാലിക അഭയവും നൽകി.  ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, മദ്യപാനം, മാനസിക സമ്മർദം, സ്വത്ത് തർക്കം, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക വഞ്ചന വിഷയങ്ങൾ നിരവധിയാണ്. സ്നേഹിത വഴിയും ജെൻഡർ റിസോർസ് സെന്ററുകൾ വഴിയും  1652 കേസുകൾ കൈകാര്യം ചെയ്തു. കോവിഡ് വ്യാപനശേഷം ടെലി കൗൺസലിങ്ങിന് വിളിക്കുന്നവരുടെ എണ്ണം 20 ശതമാനം വർധിച്ചു.   ആവശ്യമായ പരാതികളിൽ സൗജന്യ നിയമ സഹായവും ലഭിക്കും. ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷക സേവനം എല്ലാ തിങ്കളാഴ്ചയുമുണ്ട്‌. ഫോണിലൂടെയും  നിയമസഹായം ലഭിക്കും. ഇതുവരെ 210 പേർക്ക് നിയമ സഹായം ലഭിച്ചു.    സ്കൂൾ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ  സ്കൂളുകളിൽ പോസിറ്റീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാം നടത്തുന്നുണ്ട്‌. ലിംഗ സമത്വബോധവൽക്കരണ പരിപാടികൾക്കായി  സ്‌കൂളുകളിലും കോളേജുകളിലും ജെൻഡർ ക്ലബ്ബുകൾ ആരംഭിച്ചു. സ്നേഹിതയിലെ കൗൺസലർമാർ നേരിട്ടെത്തിയാണ്‌ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുന്നത്‌. സേവനങ്ങൾക്കായി സ്നേഹിതയിലേക്ക് വിളിക്കാം. ഫോൺ: 04972721817.     ടോൾ ഫ്രീ:18004250717. Read on deshabhimani.com

Related News