പാർക്കിങ് ഇവരുടെ കൈയിൽ ഭദ്രം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പാർക്കിങ് നിയന്ത്രിക്കുന്നവർ


പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ  പാർക്കിങ് പ്രശ്നത്തിന് പരിഹാരവുമായി  കുടുംബശ്രീ വനിതാ കൂട്ടായ്മ.  കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഒമ്പത് വനിതകളടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളേജിലെ പാർക്കിങ് ക്രമീകരിക്കുന്നത്‌. കടന്നപ്പള്ളി–- പാണപ്പുഴ, - ചെറുതാഴം-, പരിയാരം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഒമ്പത് വനിതകളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ചെറുതാഴം സിഡിഎസിൽ  രജിസ്റ്റർ ചെയ്ത ഈ സംരംഭത്തിന്റെ സെക്രട്ടറി എം ശുഭയും പ്രസിഡന്റ്‌ എം ബിധുവുമാണ്. നേരത്തേ ഗതാഗതക്കുരുക്ക് കാരണം ആംബുലൻസിനുപോലും കടന്നുപോകാൻ പ്രയാസമായിരുന്ന ഇടത്ത് ഇപ്പോൾ കൃത്യമായ ആസൂത്രണംകൂടിയായതോടെ പാർക്കിങ് സുഗമമാണ്.  ബൈക്കിന് അഞ്ചു രൂപയും കാറിന് 20 രൂപയുമാണ് പാർക്കിങ്‌ ഫീസ്‌. പിരിച്ചെടുക്കുന്ന തുകയിലെ ഒരു വിഹിതം നിർധന രോഗികളെ സഹായിക്കാനായി ആശുപത്രിക്ക്‌ നൽകും. ബാക്കി തുകയിൽനിന്നാണ്  ഇവരുടെ വരുമാനം.  മെഡിക്കൽ കോളജിനുള്ള വിഹിതമായ് കഴിഞ്ഞ  ഒരു വർഷത്തിനകം  സമാഹരിച്ചുനൽകിയ തുക ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് നിർധനരായ രോഗികൾക്ക്  മരുന്നായും പലവിധ സഹായങ്ങളായും  എത്തിക്കഴിഞ്ഞു. തങ്ങളുടെ അധ്വാനം മറ്റുള്ളവർക്കുകൂടി ഉപയോഗപ്രദമാകുന്നതിലുള്ള സംതൃപ്തി ഇവരുടെ വാക്കുകളിൽ വ്യക്തം. സംരംഭം തുടങ്ങിയ ആദ്യ ഘട്ടങ്ങളിലേറ്റ ശകാരവർഷങ്ങളും ശാപവാക്കുകളും  മറ്റനേകം പ്രതിസന്ധികളുമെല്ലാം  കരുത്താക്കി മാറ്റിയാണ് ഈ വനിതാ കൂട്ടായ്മ മുന്നോട്ടു നീങ്ങുന്നത്. വെയിലും മഴയും  താണ്ടി  ഒരു വർഷം പിന്നിടുമ്പോൾ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പിന്തുണയുടെ കരുത്തിൽ ഒമ്പത് കുടുംബങ്ങളുടെ ജീവിതം തളിർത്തു തുടങ്ങിയിരിക്കുന്നു. ബില്ലെന്ന് കേട്ട്  ആദ്യം നെറ്റി ചുളിച്ചവരും സുഗമമായ പാർക്കിങ്ങിനും കുരുക്കില്ലാത്ത യാത്രയ്ക്കും ഇന്ന് ഇവരോട് നന്ദി പറയുന്നു. ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ സ്ഥിരമായി വണ്ടി മെഡിക്കൽ കോളേജ് പരിസരത്ത് പാർക്ക് ചെയ്ത് പോവുന്ന പ്രവണതയും ഇന്നില്ല. Read on deshabhimani.com

Related News