ആക്രമണം തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ:
എം വി ജയരാജൻ



 കണ്ണൂർ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള യുഡിഎഫിന്റെയും മേയറുടെയും ശ്രമങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ്‌ കോർപറേഷനിലെ സിഡിഎസ്‌ തെരഞ്ഞെടുപ്പെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വോട്ടർമാരല്ലാത്തവരെ പോളിങ് സ്‌റ്റേഷനകത്ത്‌ പ്രവേശിപ്പിച്ച്‌ ബഹളമുണ്ടാക്കി തെരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്താൻ യുഡിഎഫ്‌ ശ്രമിക്കുകയായിരുന്നു. മേയറും യുഡിഎഫ്‌ കൗൺസിലർമാരും പോളിങ് സ്‌റ്റേഷന്‌ സമീപം തമ്പടിച്ചാണ്‌ ആക്രമണത്തിന്‌ നേതൃത്വം നൽകിയത്‌. വോട്ട്‌ ചെയ്യാനെത്തിയ നീർച്ചാൽ ഡിവിഷനിലെ എം ഷീജയെ  ആക്രമിക്കുകയും മെബൈൽ ഫോൺ എറിഞ്ഞുടയ്‌ക്കുകയും ചെയ്‌തു. പരിക്കേറ്റ ഷീജ  ആശുപത്രിയിൽ ചികിത്സ തേടി.     കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്‌തശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്താനുള്ള നീക്കത്തിനിറങ്ങിയത്‌. എഡിഎസ്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ പരാജയം ഉറപ്പിച്ച യുഡിഎഫ്‌ ആസൂത്രണം ചെയ്‌തതാണ്‌ കോർപറേഷനിലെ സിഡിഎസ്‌ തെരഞ്ഞെടുപ്പിലെ ആക്രമണം.  തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഹാളിനകത്ത്‌ കൗൺസിലർമാർക്ക്‌ പ്രവേശനമില്ലെങ്കിലും യുഡിഎഫ്‌ കൗൺസിലർമാർ അവിടെ അതിക്രമിച്ച്‌ കയറുകയായിരുന്നു. എന്നാൽ ഒരു എൽഡിഎഫ്‌ കൗൺസിലറും തെരഞ്ഞെടുപ്പ്‌ ഹാളിലേക്ക്‌ പോയിട്ടില്ല. മേയറുടെയും മറ്റ്‌ യുഡിഎഫുകാരുടെയും സംരക്ഷണത്തിലാണ്‌ മുനിസിപ്പൽ സ്‌കൂളിലെ തെരഞ്ഞെടുപ്പ്‌ കേന്ദ്രത്തിൽ കുടുംബശ്രീയിലെ ജനാധിപത്യം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതി അരങ്ങേറിയത്‌. തെരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ ഇടതുപക്ഷ  മുന്നേറ്റമാണുണ്ടായത്‌. 62  പഞ്ചായത്തുകളിലും ഒമ്പത്‌ നഗരസഭകളിലും   കണ്ണൂർ കോർപറേഷനിലും ഇടതുപക്ഷാഭിമുഖ്യമുള്ളവർ  തെരഞ്ഞെടുക്കപ്പെട്ടു.  എട്ട്‌  സിഡിഎസുകളാണ്‌  വലതുപക്ഷം  നേടിയത്‌. വോട്ടെടുപ്പിൽ തുല്യമായി നിന്ന ഏരുവേശിയിൽ നറുക്കെടുപ്പിലൂടെയാണ്‌ വലതുപക്ഷം ജയിച്ചത്‌.  കുടുംബശ്രീയെ തകർക്കാനുള്ള യുഡിഎഫ്‌ നീക്കത്തിനെതിരെയുള്ള മുന്നേറ്റമാണ്‌  വിജയം തെളിയിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. Read on deshabhimani.com

Related News